
ജയ്പൂർ: ഏകദേശം രണ്ട് വർഷത്തോളം രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ (RPA) സബ് ഇൻസ്‌പെക്ടറായി ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. ഔദ്യോഗിക യൂണിഫോം ധരിക്കുകയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്ത മോന ബുഗാലിയ എന്ന മൂളി എന്ന പേരിലറിയപ്പെടുന്ന യുവതിയാണ് പിടിയിലായത്. രാജസ്ഥാൻ പൊലീസ് അക്കാദമിയുടെ ക്ലാസ് റൂമുകളിലും ഇൻഡോർ പരിശീലന കേന്ദ്രങ്ങളിലും പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്തതാണ്.
മൂളിയെ ഈ ആഴ്ച രാജസ്ഥാനിലെ സിക്കർ ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2023ൽ ജയ്പൂരിൽ ഇവർക്കെതിരെ ആദ്യമായി പരാതി നൽകിയതുമുതൽ ഒളിവിലായിരുന്നു. സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്‍റ് പരീക്ഷ പാസാകാതെയാണ് സംസ്ഥാനത്തെ പ്രധാന പൊലീസ് പരിശീലന സ്ഥാപനത്തിൽ ഇവര്‍ പ്രവേശിച്ചത്. അറസ്റ്റിനെത്തുടർന്ന് മൂളി താമസിച്ചിരുന്ന വാടകമുറിയിൽ പൊലീസ് തിരച്ചിൽ നടത്തുകയും ഏഴ് ലക്ഷം രൂപ പണമായി കണ്ടെത്തുകയും ചെയ്തു.
കൂടാതെ, മൂന്ന് വ്യത്യസ്ത പൊലീസ് യൂണിഫോമുകളും രാജസ്ഥാൻ പൊലീസ് അക്കാദമിയിലെ പരീക്ഷാ പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയലിനും പശ്ചാത്തലത്തിനും വേണ്ടി ഉപയോഗിച്ച വ്യാജ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നാഗൗർ ജില്ലയിലെ നിംബ കെ ബാസ് എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഇവര്‍. ഇവരുടെ പിതാവ് ഒരു ട്രക്ക് ഡ്രൈവറാണ്. 2021ലെ രാജസ്ഥാൻ സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്‍റ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് മൂളി ദേവി എന്ന പേരിൽ പ്രതി വ്യാജ രേഖകൾ ഉണ്ടാക്കുകയും താൻ സബ് ഇൻസ്പെക്ടറായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
തുടർന്ന്, സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്‍റിന് വേണ്ടി മാത്രമുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന ഇവർ, സ്പോർട്സ് ക്വാട്ടയിലൂടെ പ്രവേശനം നേടിയ മുൻ ബാച്ചിലെ ഒരു ഉദ്യോഗാർത്ഥിയായി രാജസ്ഥാൻ പൊലീസ് അക്കാദമിയിൽ പ്രവേശിച്ചു. ഏകദേശം രണ്ട് വർഷത്തോളം മൂളി പൂർണ്ണ യൂണിഫോമിൽ ആര്‍പിഎയുടെ പരേഡ് ഗ്രൗണ്ടിൽ പതിവായി എത്തി. ഔട്ട്‌ഡോർ ഡ്രില്ലുകളിൽ പങ്കെടുത്തു, ഉന്നത ഉദ്യോഗസ്ഥരുമായി ഫോട്ടോകൾക്ക് പോസ് ചെയ്തു, പ്രചോദനാത്മകമായ ഉള്ളടക്കങ്ങളും റീലുകളും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതെല്ലാം ഒരു പൊലീസ് ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു.
പൂർണ്ണ പൊലീസ് യൂണിഫോമിൽ പൊതുവേദിയിൽ കരിയർ അവബോധ പ്രസംഗങ്ങളും ഇവർ നടത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കൊപ്പം നിന്ന് യുവ ഉദ്യോഗാർത്ഥികൾക്ക് പ്രചോദനം നൽകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില ട്രെയിനി സബ് ഇൻസ്പെക്ടർമാർ ഇവരുടെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഒരു ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ താൻ വ്യാജ വ്യക്തിത്വം സ്വീകരിച്ചിരുന്നുവെന്ന് മൂളി സമ്മതിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam