താലിബാനോടുള്ള നിലപാട് പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാ‍ര്‍: കാത്തിരിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ജയശങ്കര്‍

By Web TeamFirst Published Aug 26, 2021, 4:26 PM IST
Highlights

 1. ദോഹ ധാരണ ലംഘിച്ച് സായുധമായി താലിബാൻ കാബൂളിൻറെ നിയന്ത്രണം ഏറ്റെടുത്തു. 2.സമവായത്തിനുള്ള നീക്കങ്ങളിൽ ഇന്ത്യ മാറി നിൽക്കുന്നില്ല, സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ സമ്പർക്കം തുടരുന്നുണ്ട്. 

ദില്ലി: താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ദോഹ ധാരണ ലംഘിച്ചാണ് താലിബാൻ കാബൂൾ പിടിച്ചതെന്നും വിദേശകാര്യമന്ത്രി ദില്ലിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തെ അറിയിച്ചു. ഇന്ത്യയുടെ താല്പര്യം സംരക്ഷിച്ച് നിലപാടെടുക്കാൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ ഇന്നും താലിബാൻ തടഞ്ഞതായി 
യോഗത്തിൽ സർക്കാർ വെളിപ്പെടുത്തി.

31 പാർട്ടികളിലെ 47 നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കാര്യമായ ഭിന്നത പ്രകടമായില്ല. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ യോഗത്തെ അറിയിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. 1. ദോഹ ധാരണ ലംഘിച്ച് സായുധമായി താലിബാൻ കാബൂളിൻറെ നിയന്ത്രണം ഏറ്റെടുത്തു. 2.സമവായത്തിനുള്ള നീക്കങ്ങളിൽ ഇന്ത്യ മാറി നിൽക്കുന്നില്ല, സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ സമ്പർക്കം തുടരുന്നുണ്ട്. 3.സ്ഥിതി സങ്കീർണ്ണമായിരിക്കെ ഇപ്പോൾ താലിബാനോടുള്ള നയം തീരുമാനിക്കാനാവില്ല

സംഘ‍ര്‍ഷസാഹചര്യം മുൻനിര്‍ത്തി ഇതുവരെ 531 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെ എത്തിച്ചിട്ടുണ്ട്. താലിബാൻ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ തടഞ്ഞതിനാൽ 20 പേർക്ക് ഇന്ന് അവിടെ എത്താനായില്ല. 10 കിലോമീറ്ററിൽ 15 ചെക്ക്പോയിൻറുകളാണ് താലിബാൻ സ്ഥാപിച്ചിരിക്കുന്നത്.

യോഗത്തിൽ രാജ്യതാല്പര്യത്തിനൊപ്പം നിൽക്കുമെന്ന് എല്ലാ പാർട്ടികളും പറഞ്ഞു. പ്രധാനമന്ത്രി യോഗം വിളിക്കാത്തതിലുള്ള അതൃപ്തി കോൺഗ്രസ് അറിയിച്ചു. ഇനി ഒഴിപ്പിക്കാനുള്ളവരുടെ കണക്ക് ഇല്ലാത്തതിലും വിമർശനം ഉയർന്നു. അഫ്ഗാനിസ്ഥാനിലെ സങ്കീർണ്ണ സാഹചര്യത്തിലും യോഗത്തിൽ ആശങ്ക പ്രകടമായി. താലിബാനോടുള്ള നിലപാടിൽ ആശയക്കുഴപ്പം ഉണ്ടെന്ന സൂചനയും യോഗം നല്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!