ബീഹാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി, യുവാക്കളുടെ സംഘം ബോഗിയിലേക്ക് ഇരച്ചെത്തിയപ്പോൾ ഭയന്ന് മണിക്കൂറുകളോളം ടോയ്‌ലറ്റിൽ ഒളിച്ചു. റെയിൽവേ ഹെൽപ്പ്‌ലൈനിൽ വിളിച്ചതിനെ തുടർന്ന് ആർപിഎഫ് എത്തി യുവതിക്ക് സുരക്ഷയൊരുക്കി.
പട്ന: ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതി ട്രെയിനിലെ ടോയ്‌ലറ്റിൽ സ്വയം പൂട്ടിയിരുന്നത് മണിക്കൂറുകൾ. ബീഹാറിലെ കതിഹാർ ജംഗ്ഷനിൽ ട്രെയിൻ നിർത്തിയപ്പോൾ കൂട്ടമായി യുവാക്കൾ ബോഗിക്കുള്ളിലേക്ക് ഇരച്ചെത്തിയതാണ് യുവതിയെ ഭയപ്പെടുത്തിയത്. ഈ സംഭവം യുവതി എക്സിൽ പങ്കുവെച്ചതോടെ വലിയ ചർച്ചയായി. ട്രെയിൻ കതിഹാർ ജംഗ്ഷനിൽ നിർത്തിയപ്പോഴാണ് സംഭവം. ടോയ്‌ലറ്റിലായിരുന്ന സമയത്താണ് കോച്ചിനുള്ളിൽ വലിയ ശബ്ദകോലാഹലവും തള്ളിക്കയറ്റവും യുവതി ശ്രദ്ധിച്ചത്. ഏകദേശം 30-നും 40-നും ഇടയിൽ വരുന്ന യുവാക്കൾ ബഹളം വെച്ച് ബോഗിക്കുള്ളിലേക്ക് തള്ളിക്കയറി.
ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ യുവതിക്ക് വാതിൽ പൂർണ്ണമായി തുറക്കാൻ പോലും കഴിഞ്ഞില്ല. വാതിൽപ്പടിയിൽ ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു സ്വയരക്ഷ ഓര്‍ത്ത് അവർ വീണ്ടും ടോയ്‌ലറ്റിനുള്ളിൽ കയറി കുറ്റിയിട്ടു. ഉടൻ തന്നെ റെയിൽവേ ഹെൽപ്പ്‌ലൈനായ (139) നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. യാത്ര ചെയ്യുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ എന്താണെന്ന് തനിക്ക് ഇന്ന് മനസിലായി. ഞാൻ തനിച്ചാണ് യാത്ര ചെയ്തിരുന്നത്, ട്രെയിൻ കതിഹാർ ജംഗ്ഷനിൽ നിർത്തി. പെട്ടെന്ന് 30-40 യുവാക്കൾ ബഹളമുണ്ടാക്കി കോച്ചിലേക്ക് ഇരച്ചുകയറി. ടോയ്‌ലറ്റിലായിരുന്ന എനിക്ക് പുറത്തുവരാൻ കഴിഞ്ഞില്ല, വാതിലിന് അടുത്ത് ആളുകൾ നിറഞ്ഞിരുന്നു. ഞാൻ വീണ്ടും വാതിൽ അടച്ച് റെയിൽവേ ഹെൽപ്പ്‌ലൈനിലേക്ക് വിളിച്ചു, ഭാഗ്യത്തിന് ആർ പി എഫ്. എത്തിയെന്നുമാണ് യുവതി എക്സിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ
യുവതിയുടെ പോസ്റ്റ് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും സാധാരണ ട്രെയിൻ സ്റ്റോപ്പുകൾ പോലും എത്ര വേഗമാണ് ഭയപ്പെടുത്തുന്ന ഇടമായി മാറിയതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. സഹായം തേടിയ യുവതിയുടെ സമയോചിത ഇടപെടലിനെ പലരും പ്രശംസിച്ചു. ആർപിഎഫ് കൃത്യസമയത്ത് ഇടപെട്ടതിനെയും ആളുകൾ അഭിനന്ദിച്ചു. "ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സ്ത്രീ സുരക്ഷ ഒരു തമാശയാണ്. ടിക്കറ്റില്ലാത്ത യാത്രക്കാർ ട്രെയിനിൽ കയറി മറ്റുള്ളവർക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നത് സ്ഥിരം കാഴ്ചയും, മോശമായ കാര്യവുമാണ് എന്ന് ഒരു ഉപയോക്താവ് കുറിച്ചു.


