
ദില്ലി: മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ പഞ്ചാബിൽ വീണ്ടും പടയൊരുക്കം. അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ 31 എം എൽ എമാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയാകാനുള്ള നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ നീക്കമാണ് ഇതിനു പിന്നിലെന്ന ആരോപണമാണ് അമരീന്ദര്‍ ഉയര്‍ത്തുന്നത്.
നവ്ജോത് സിംഗ് സിദ്ദുവിനെ പിസിസി അദ്ധ്യക്ഷനാക്കിയാിരുന്നു മാസങ്ങൾ നീണ്ട സിദ്ദു-അമരീന്ദര്‍ പോര് പാർട്ടി അവസാനിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കിയിരിക്കെയാണ് വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ സിദ്ദു ഗ്രൂപ്പിന്‍റെ പടയൊരുക്കം. നവ്ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിക്കുന്ന പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്ത് ബാജ്വയുടെ വസതിയിൽ അഞ്ച് മന്ത്രിമാരുൾപ്പടെ 31 എംഎൽഎമാരാണ് അമരീന്ദര്‍സിംഗിനെതിരെ യോഗം ചേര്‍ന്നത്. അമരീന്ദര്‍ സിംഗിന്‍റെ പ്രകടനം മോശമെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും എതിര്‍പ്പുയര്‍ത്തുന്ന നേതാക്കൾ ആരോപിച്ചു. ദില്ലിയിലെത്തി സോണിയാഗാന്ധിയെ നിലപാട് നേരിട്ട് അറിയിക്കാനും തീരുമാനിച്ചു.
അനാവശ്യ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കാനുള്ള സിദ്ദുവിന്‍റെ നീക്കമാണ് ഇതെന്നാണ് അമരീന്ദര്‍ ക്യാമ്പിന്‍റെ ആരോപണം. വിഷയത്തിൽ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. 117 അംഗ പഞ്ചാബ് നിയമസഭയിൽ 77 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ആംആദ്മി പാര്‍ടിക്ക് 20 ഉം അകാലിദളിന് 15 സീറ്റും ഉണ്ട്. പഞ്ചാബ് പിടിക്കാൻ രാഷ്ട്രീയ നീക്കങ്ങൾ ആംആദ്മി പാര്‍ടി ശക്തമാക്കുമ്പോഴാണ് കോണ്‍ഗ്രസിലെ പാളയത്തിൽ പട.
ചത്തീസ്ഗഡിലും സമാന പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഭൂപേഷ് ബാഗലിനെതിരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി.എസ്.സിംഗ് ഡിയോ രംഗത്തെത്തിയിരുന്നു. ഇരുനേതാക്കളെയും ദില്ലിക്ക് വിളിച്ച് രാഹുൽ ഗാന്ധി ചര്‍ച്ച നടത്തി. സംസ്ഥാനങ്ങൾ ഓരോന്നായി നഷ്ടമാകുന്നതിനൊപ്പം ഉള്ള സംസ്ഥാനങ്ങളിൽ പാര്‍ടിയിലെ ഭിന്നത തീർക്കാനാകാത്ത കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam