ഒഴിവ് വന്ന രാജ്യസഭാ സീറ്റ്; ഗുജറാത്തിൽ രണ്ടിടത്തും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കും

By Web TeamFirst Published Jun 16, 2019, 7:41 AM IST
Highlights

സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വ്യത്യസ്ത തീയതികളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം തന്നെ നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഒഴിവ് വന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കും. അടുത്ത മാസം അഞ്ചിനാണ് വോട്ടെടുപ്പ്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തിയഞ്ചാണ്. അമിത് ഷായും സ്മൃതി ഇറാനിയും രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. 

നിലവിൽ അംഗസംഖ്യ അനുസരിച്ച് കോൺഗ്രസിനും ബിജെപിക്കും ഓരോരുത്തരെ വിജയിപ്പിക്കാം. ബിജെപിക്ക് രണ്ടു സീറ്റും നേടാൻ തെരഞ്ഞെടുപ്പുകൾ രണ്ടായി നടത്താൻ നീക്കമുണ്ടെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഒഡീഷയിലെ മൂന്നു സീറ്റിലേക്കും ബീഹാറിലെ ഒരു സീറ്റിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഗുജറാത്തിൽ നിന്ന് ബിജെപി പാർലമെൻറിൽ എത്തിക്കും

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതോടെ ഇരുവരും രാജ്യസഭാ അംഗത്വം രാജിവയ്ക്കും എന്ന് ഉറപ്പാണ്. നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്ന് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കും. എന്നാല്‍ അതിന് ഒരേ ദിവസം തന്നെ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കണം. അല്ലാത്ത പക്ഷം സഭയില്‍ ഭൂരിപക്ഷമുള്ള ബിജെപിക്ക് ആ സീറ്റും നേടാനാവുമെന്നായിരുന്നു കോൺഗ്രസ് ആരോപണം 

സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വ്യത്യസ്ത തീയതികളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരു ദിവസം തന്നെ നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 
 

click me!