
ദില്ലി: ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണം കുത്തനെ കൂടുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്ക് പ്രകാരം ദില്ലിയിലെ 37 വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളില്‍ 17 എണ്ണം വളരെ മോശം എന്ന വിഭാഗത്തില്‍ രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള കര്‍മ്മപദ്ധതി ഇന്നലെ മുതല്‍ രാജ്യ തലസ്ഥാനത്ത് ശക്തമായി നടപ്പാക്കിത്തുടങ്ങി.
വായു ഗുണനിലവാര കണക്കനുസരിച്ച് 200 മുതല്‍ മുന്നൂറുവരെ ആണെങ്കിൽ മോശവും 300 മുതല്‍ 400 വരെയാണെങ്കില്‍ വളരെ മോശവുമാണ്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും കൂടി 17 നിരീക്ഷണ സ്റ്റേഷനുകളില്‍ വളരെ മോശം വിഭാഗം രേഖപ്പെടുത്തി. മുണ്ട്ക, ദ്വാരക സെക്ടര്‍ 8, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍ എന്നിവിടങ്ങളില്‍ 350 ന് മേലെയാണ് സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയത്.
ദില്ലിയുടെ തൊട്ടടുത്ത പ്രദേശങ്ങളായ ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാ ബാദ് എന്നിവടങ്ങളിലും മൂന്നൂറിന് മുകളിലാണ്. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ചു തുടങ്ങിയതോടെയാണ് സ്ഥിതി വഷളായത്. കാര്‍ഷികാവശിഷ്ടം കത്തിക്കലിന് നിരോധനമുണ്ടെങ്കിലും നാസ പുറത്തുവിട്ട ചിത്രങ്ങള്‍ കത്തിക്കലിന്‍റെ വ്യാപ്തി എത്രയുണ്ടെന്ന് വ്യക്തമാക്കുന്നു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ കുറച്ചുകൊണ്ടുവരാനുള്ള കര്‍മ്മ പദ്ധതിയായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ഇന്നലെ മുതല്‍ ദില്ലിയില്‍ നടപ്പാക്കി തുടങ്ങി. റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുക, മെട്രോ, ബസ് സര്‍വ്വീസുകള്‍ കൂട്ടുക, ഡീസല്‍ ജനറേറ്ററുകള്‍ക്കും ഇഷ്ടിക ചൂളകള്‍ക്കും വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ നടപടികളാണ് ഇതിന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam