
ദില്ലി:പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമയെ ട്രൈബ്യൂണലിന്‍റെ അധ്യക്ഷനാക്കി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനമിറക്കി. ആറ് മാസത്തിനകം ട്രൈബ്യൂണല്‍ കേന്ദ്ര നടപടി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ച് സപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർനടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുതയുള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും.
യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് കേന്ദ്രം പിഎഫ്ഐ നിരോധനം പ്രഖ്യാപിച്ചത്. ട്രൈബ്യൂണൽ ഇക്കാര്യം സ്ഥിരീകരിക്കണം എന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ പങ്ക്, വിദേശത്തുനിന്നുള്ള ഹവാല പണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ദില്ലിയിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിൽ ദില്ലിയിൽ മാത്രം അഞ്ചു പിഎഫ്ഐ പ്രവർത്തകരെ കൂടി യുഎപിഎ ചുമത്തി ദില്ലി പൊലീസ് അറസ്റ്റു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam