ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തം; തിരച്ചിലിനായി വിദ​ഗ്ധസംഘവും; കണ്ടെത്താനുള്ളത് 17 പേരെ

By Web TeamFirst Published Oct 6, 2022, 11:03 AM IST
Highlights

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും.


കാശി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും. വിവിധ സേനകൾ സംയുക്തമായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകരാണ് ഉത്തരാഖണ്ഡിൽ കുടുങ്ങിയത്. ഇവരിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ ട്രെയിനികളാണ് എല്ലാവരും.  

ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. 170 അംഗ സംഘമാണ് പർവ്വതാരോഹണത്തിനായി പോയത്. ഹിമപാതത്തിൽ അകപ്പെട്ട എട്ട് പേരം സംഘാംഗങ്ങൾ തന്നെയാണ് രക്ഷിച്ചത്. ഇവരെയെല്ലാം കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന ഐടിബിപി സംഘം അറിയിച്ചു. രക്ഷിക്കാനായുള്ള ശ്രമം തുടരുകയാണ്. മരിച്ചവരില്‍ പ്രമുഖ പർവതാരോഹക സവിത കന്‍സ്വാളും ഉൾപ്പെടുന്നു. ഇതുവരെ പതിനാല് പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ 17പേർക്കായി തിരച്ചില്‍ തുടരുകയാണ്. 

കര - വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിച്ചായിരുന്നു ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസത്തേക്ക് ഉത്തരകാശിയില്‍ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍  അനുശോചിച്ചു.

അപകടത്തില്‍പ്പെട്ടവരുടെ പട്ടിക ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതില്‍ കൂടുതല്‍ പേർ ഉത്തരാഖണ്ഡില്‍ നിന്നാണ് എട്ട് പേർ, പശ്ചിമബംഗാളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നും മൂന്ന്, ഹരിയാനയില്‍നിന്നും കർണാടകയില്‍നിന്നും രണ്ട്, ദില്ലി, തമിഴ്നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും ഒരാൾ വീതവും അപകടത്തില്‍ പെട്ടിട്ടുണ്ട്.  കര വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കര - വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 

ഉത്തരാഖണ്ഡിലെ ഹിമപാതം: 17 പേർക്കായി തിരച്ചില്‍ തുടരുന്നു, 14 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ് ഹിമപാതം: 10 മൃതദേഹങ്ങൾ കണ്ടെത്തി, മരണപ്പെട്ടവരിൽ സവിത കാൻസ്വാളും

ഉത്തരാഖണ്ഡിൽ ഹിമപാതം; 10 പർവതാരോഹകർ മരിച്ചു, 8 പേരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് അപകടം; ഇനി കണ്ടെത്താനുള്ളത് 23പേരെ, വെല്ലുവിളിയായി മഞ്ഞുവീഴ്ച, തെരച്ചില്‍ തുടരുന്നു

click me!