'പത്ത് സെക്കന്‍റ് കിട്ടിയിരുന്നെങ്കില്‍': ഹിമപാതത്തില്‍ നിന്നും രക്ഷപ്പെട്ട പര്‍വതാരോഹകന്‍ പറയുന്നു.!

By Web TeamFirst Published Oct 6, 2022, 11:15 AM IST
Highlights

ഭീകരമായിരുന്നു ആ മഞ്ഞിടിയല്‍, ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ലെന്ന് രോഹിത്ത് പറയുന്നു. ഞങ്ങളെ സെക്കന്‍റുകള്‍ക്കുള്ളില്‍ മഞ്ഞുമൂടി, ചുറ്റും വെള്ളമാത്രം.

ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദ്രൗപതി കാ ദണ്ഡ-II പർവതത്തിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ വൻ ഹിമപാതത്തില്‍ ഇതുവരെ പത്തുപേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇതില്‍ കുടുങ്ങിപ്പോയ 17 ഓളം പര്‍വതാരോഹകന്‍ തിരച്ചില്‍ നടക്കുകയാണ്. അതിനിടയില്‍ ചൊവ്വാഴ്ച സംഭവിച്ച ഭീകരമായ ദുരന്തത്തിന്‍റെ ഞെട്ടിക്കുന്ന അനുഭവം വിവരിക്കുകയാണ് തലനാരിഴയ്ക്ക് ഹിമപാതത്തില്‍ നിന്നും രക്ഷപ്പെട്ട പര്‍വ്വതാരോഹകന്‍ രോഹിത് ഭട്ട്.

10 സെക്കൻഡ് സമയമെങ്കിലും ലഭിച്ചിരുന്നെങ്കിൽ കൂടുതൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഹിമപാതത്തില്‍ നിന്നും രക്ഷപ്പെട്ടവരിൽ ഒരാളായ രോഹിത് ഭട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ആ ദിവസത്തിലെ അനുഭവം രോഹിത്ത് വിശദമായി തന്നെ വിവരിച്ചു.

ഉത്തരാഖണ്ഡ് സ്വദേശിയായ രോഹിത് നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ അഡ്വാൻസ് മൗണ്ടനീറിങ് കോഴ്‌സില്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്‌ച പുലർച്ചെ 3.30നാണ് രോഹിത്തും സംഘവും ദ്രൗപതി കാ ദണ്ഡയിലേക്ക് പുറപ്പെട്ടത്. 34 ട്രെയിനികളും ഏഴ് ഇൻസ്ട്രക്ടർമാരുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. എട്ടുമണിയോടെ 5,500 മീറ്റർ ഉയരത്തില്‍ അവസാന പോയന്‍റിന് 100-150 മീറ്റർ അകലെ വച്ചാണ് ഹിമപാതം ഉണ്ടായത് എന്നാണ് രോഹിത് പറയുന്നത്. 

ഭീകരമായിരുന്നു ആ മഞ്ഞിടിയല്‍, ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടിയില്ലെന്ന് രോഹിത്ത് പറയുന്നു. ഞങ്ങളെ സെക്കന്‍റുകള്‍ക്കുള്ളില്‍ മഞ്ഞുമൂടി, ചുറ്റും വെള്ളമാത്രം. സംഘത്തിലെ പരിശീലകരും, ട്രെയ്നേര്‍സും അതിനകം മഞ്ഞിനടിയിലായിരുന്നു.  രണ്ട് ട്രെയിനികളും ചില പരിശീലകരുമാണ് മുന്നില്‍ പോയത്, ബാക്കിയുള്ള പർവതാരോഹകരും പരിശീലകരും അവരെ പിന്തുടരുകയായിരുന്നു. അപ്രതീക്ഷിതമായ ഹിമപാതം ഞങ്ങളുടെ ലൈന്‍ മുറിച്ചു. ഞാന്‍ അടക്കം ചിലര്‍ 60 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വീണത്. അവിടെ കുടുങ്ങി. അവിടെ കോടലി വച്ച് തൂങ്ങികിടന്നാണ് രക്ഷപ്പെട്ടത്, രോഹിത് താന്‍ രക്ഷപ്പെട്ട അനുഭവം വിശദീകരിച്ചു.

"പിന്നീട് അവിടെ നിന്നും മുകളിലേക്ക് കയറി ഞങ്ങള്‍ അവിടെ രക്ഷപ്രവര്‍ത്തനം നടത്തി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിലെ പരിശീലകരായ  അനിൽ സാർ, നേഗി സാർ, എസ്‌ഐ സാർ ഒപ്പം ഉണ്ടായിരുന്നു. എവറസ്റ്റ് കീഴടക്കിയ പര്‍വ്വതാരോഹകരായ എൻഐഎമ്മിലെ പരിശീലകരുമായ സവിത കൻസ്വാൾ, നൗമി റാവത്ത്  എന്നിവരുടെ മൃതദേഹങ്ങൾ ഞങ്ങളാണ് കണ്ടെത്തിയത്. മൂന്ന് പർവതാരോഹ പരിശീലകരെയും,  സ്കീയിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരാളെയും  മഞ്ഞിന് അടിയില്‍  നിന്നും രക്ഷപ്പെടുത്തി, രോഹിത് വിശദീകരിച്ചു. 

പരിക്കേറ്റ പർവതാരോഹകരെ രക്ഷിക്കാൻ തന്‍റെ സ്ഥാപനമായ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങ് എല്ലാം ചെയ്തുവെന്നാണ് രോഹിത് പറയുന്നത്. "ഞങ്ങളുടെ സ്ഥാപനം ഞങ്ങളെ രക്ഷിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ  എല്ലാ ആളുകളെയും അയച്ചു. നിരവധി പോർട്ടർമാരും ഞങ്ങളെ സഹായിച്ചിട്ടുണ്ട്" രോഹിത് പറഞ്ഞു. "അടുത്ത ദിവസം രാവിലെ, ഐടിബിപി ഉദ്യോഗസ്ഥർ ഞങ്ങളെ അവരുടെ ബേസ് ക്യാമ്പിലേക്ക് എയർലിഫ്റ്റ് ചെയ്തു, തുടർന്ന് ഞങ്ങളെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി." - രോഹിത് കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ രക്ഷപ്പെട്ടിട്ട് ഞങ്ങള്‍ക്ക് കഴിക്കാനോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കൈയ്യില്‍ കരുതിയതെല്ലാം ഒഴുകി പോയിരുന്നു. വളരെ തെളിഞ്ഞ കാലവസ്ഥയില്‍ അപ്രതീക്ഷിതമായാണ് ഹിമപാതം സംഭവിച്ചത്. എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കില്‍, ഒരു പത്ത് സെക്കന്‍റ് അധികം ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍പ്പേര്‍ രക്ഷപ്പെടുമായിരുന്നു, രോഹിത് പറഞ്ഞു നിര്‍ത്തുന്നു. 

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തം; തിരച്ചിലിനായി വിദ​ഗ്ധസംഘവും; കണ്ടെത്താനുള്ളത് 17 പേരെ

ഉത്തരാഖണ്ഡ് ഹിമപാതം: 10 മൃതദേഹങ്ങൾ കണ്ടെത്തി, മരണപ്പെട്ടവരിൽ സവിത കാൻസ്വാളും

click me!