
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ അക്രമം നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ ഒരു കാരണവും ഉത്തര്‍പ്രദേശ് സർക്കാരിന്‍റെയോ കേന്ദ്ര സർക്കാരിന്‍റെയോ കയ്യിലില്ലെന്നും സംഘടന വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച് പ്രശ്നങ്ങളെ വഴിതിരിച്ചുവിടാനാണ് ഉത്തര്‍പ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. ഇപ്പോഴത്തെ നീക്കങ്ങൾ രാഷ്ട്രീയലക്ഷ്യത്തോടെ മാത്രമുള്ളതാണ്. ബിജെപിയുടെയും ആർ എസ് എസിന്റെയും വർഗീയ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി എതിർത്തുവരികയാണ്. ഇനിയും എതിർക്കും. പോപ്പുലർ ഫ്രണ്ടിനെതിരായ തെളിവുകൾ ഹാജരാക്കാന്‍ ഉത്തര്‍പ്രദേശ് സർക്കാരിനെ വെല്ലുവിളിക്കുന്നതായും സംഘടനാ നേതൃത്വം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ രണ്ടുദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. സംഘടനയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് ചീഫ് ഒ പി സിംഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ഇരുപത്തിയഞ്ചോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പ്രസിഡന്‍റ് വസീമും ഇവരില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam