
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് റിമാന്‍റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനിലയില്‍ ആശങ്ക. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് ഇദ്ദേഹത്തിന്‍റെ ഡോക്ടറായ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വീറ്റ് ചെയ്യുന്നത്. ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ ദില്ലി എയിംസില്‍ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിന് അനുമതി നല്‍കണമെന്നും ഡോക്ടര്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്‌ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ടുന്ന രോഗമാണ് അദ്ദേഹത്തിന്. കഴിഞ്ഞ ഒരുവര്‍ഷമായി ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സ തുടരുകയാണ്. ഇതു കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്.
ആസാദിന്‍റെ ആരോഗ്യ നില സംബന്ധിച്ച് ദില്ലി പോലീസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ഡോക്ടര്‍ ട്വീറ്റില്‍ പറയുന്നത്. വൈദ്യസഹായം ലഭ്യമാക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഡോക്ടര്‍ പറയുന്നു.
ദില്ലി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21 ന് ദല്‍ഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് ചന്ദ്രശേഖര്‍ ആസാദ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam