പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് 10 വര്‍ഷം പൊതുമേഖലയില്‍ സേവനം; വിസമ്മതിച്ചാല്‍ ഒരു കോടി പിഴ

By Web TeamFirst Published Dec 13, 2020, 12:34 PM IST
Highlights

പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സേവനം അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പിഴയെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ വിശദമാക്കുന്നത്

പൊതുമേഖലയില്‍ പത്ത് വര്‍ഷം സേവനം ചെയ്യാന്‍ തയ്യാറാകാത്തവര്‍ ഒരു കോടി രൂപ നല്‍കണമെന്ന് പിജി മെഡിക്കല്‍ വിദ്യാര്‍ഥികളോട് ഉത്തര്‍ പ്രദേശ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരോടാണ് ഉത്തര്‍ പ്രദേശിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സേവനം അവസാനിപ്പിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പിഴയെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ വിശദമാക്കുന്നത്.

കോഴ്സില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് അവരെ ഡീ ബാര്‍ ചെയ്യുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് പരിഹരിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ ഉടനീളമായി 15000 പോസ്റ്റുകളാണ് ഡോക്ടര്‍മാര്‍ക്കായി സൃഷ്ടിച്ചിട്ടുള്ളത്.

11000 ഡോക്ടര്‍മാരാണ് ഈ പദവികള്‍ സ്വീകരിക്കുന്നതെന്നാണ് ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. പ്രാദേശിക മേഖലയില്‍ ഒരു വര്‍ഷം സേവനം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന  എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പിജി പരീക്ഷയില്‍ ഇളവുകള്‍ നല്‍കുമെന്നും യുപിയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രാദേശിക മേഖലയില്‍ രണ്ട് വര്‍ഷത്തെ സേവന പരിചയം ഉള്ളവര്‍ക്ക് നീറ്റ് പരീക്ഷയില്‍ 20 പോയിന്‍റ് അധികമായി നല്‍കുമെന്നും മൂന്നുവര്‍ഷത്തെ സേവനമുള്ളവര്‍ക്ക് 30 പോയിന്‍റെ് നല്‍കുമെന്നും യോഗി സര്‍ക്കാര്‍ വിശദമാക്കുന്നു. 
 

click me!