തേജസ്വിയുടെ 'പൊടിപോലുമില്ല'; കണ്ടുപിടിക്കുന്നവര്‍ക്ക് 5,100 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍

By Web TeamFirst Published Jun 21, 2019, 5:58 PM IST
Highlights

ഒരു പക്ഷേ തേജസ്വി ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പോയതാകാം എന്നാണ് ഇതേക്കുറിച്ച് മുതിര്‍ന്ന ആര്‍ ജെ ഡി നേതാവ് രഘുവംശ് പ്രസാദ് സിങ് പ്രതികരിച്ചത്. 

മുസാഫര്‍പൂര്‍: ബിഹാറിലെ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ ജെ ഡിയുടെ നേതാവും ലാലുപ്രസാദ് യാദവിന്‍റെ മകനുമായ തേജസ്വി യാദവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍.  തേജസ്വിയെ കണ്ടെത്തുന്നവര്‍ക്ക് 5,100 രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മുസാഫര്‍പൂരില്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

ലാലുപ്രസാദ് യാദവ് ജയിലിലായതിനെ തുടര്‍ന്ന് തേജസ്വിയാണ് പാര്‍ട്ടിയെ നയിക്കുന്നത്.  ലോക്സഭാ തെര‍ഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്ത തേജസ്വി മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്നതിനെ കുറിച്ച് യാതൊരു പ്രതികരണങ്ങളും  നടത്തിയിട്ടില്ല. 

സംസ്ഥാനം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ തേജസ്വിയെ കാണാനില്ലെന്നാണ് പരാതി. ഒരുപക്ഷേ തേജസ്വി ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പോയതാകാം എന്നാണ് ഇതേക്കുറിച്ച് മുതിര്‍ന്ന ആര്‍ ജെ ഡി നേതാവ് രഘുവംശ് പ്രസാദ് സിങ് പ്രതികരിച്ചത്. 

അതേസമയം ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച്  ഇതുവരെ 138 കുട്ടികളാണ്  മരിച്ചത്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്‍രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് 7 കുട്ടികള്‍ കൂടി മരിച്ചു. രോഗലക്ഷണങ്ങളോടെ 21 കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  

ലോക്സഭയിൽ ചോദ്യോത്തരവേളയില്‍ വിഷയം ചർച്ചയായപ്പോൾ എന്താണ് കുട്ടികളുടെ മരണത്തിന് യഥാർത്ഥ കാരണമെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് രാജ്യസഭാ എംപിയും ബിജെപി ദേശീയ വക്താവുമായ രാജീവ് പ്രതാപ് റൂഡി മറുപടി നല്‍കിയത്. ലിച്ചി മാത്രമാണ് മരണ കാരണമെന്ന് പറയാനാകില്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും റൂഡി കൂട്ടിച്ചേർത്തു. 

click me!