കെഎസ്ഇബിയുടെ മാത്രമല്ല, കേന്ദ്രസർക്കാരിൻ്റെ കണക്കുകൂട്ടലും തെറ്റി; രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി

Published : Oct 02, 2026, 05:46 PM IST
Tomorrow Power Cut

Synopsis

മഴക്കുറവും ഉയർന്ന താപനിലയും കാരണം രാജ്യത്തെ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ പ്രവചനങ്ങളെ മറികടന്ന് കുത്തനെ വർദ്ധിച്ചു. ജലവൈദ്യുത ഉൽപ്പാദനം കുറഞ്ഞതോടെ കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വന്നത് കൽക്കരി ശേഖരത്തിൽ വൻ ഇടിവുണ്ടാക്കി. പ്രതിസന്ധി മറികടക്കാൻ സ്വകാര്യ കൽക്കരി പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ - ഓഗസ്റ്റ്) രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർത്ഥ വൈദ്യുതി ഉപഭോഗം വരാറുള്ളതെങ്കിലും, ഇത്തവണ അത് പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം 2022-ലും (1.8%), 2023-ലും (0.75%) മാത്രമാണ് ഇതിനുമുമ്പ് ഇത്തരത്തിലൊരു വ്യതിയാനം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്നത്തേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ഇത്തവണത്തെ വർദ്ധനവ്. സി.ഇ.എ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യുതി ഉൽപ്പാദന കമ്പനികൾ കൽക്കരി ശേഖരണവും മറ്റ് പ്രവർത്തന രൂപരേഖകളും തയ്യാറാക്കുന്നത്. അതിനാൽ, പ്രവചനങ്ങളിലുണ്ടായ ഈ വലിയ മാറ്റം രാജ്യത്തെ പവർ സിസ്റ്റം ആസൂത്രണത്തെയും കൽക്കരി വിതരണത്തെയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ട്. ഉപഭോഗം കുത്തനെ ഉയർന്നതോടെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ രാജ്യത്തെ 112 സ്വകാര്യ കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളോട് പരമാവധി ശേഷിയിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിവർഷം തയ്യാറാക്കുന്ന ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ട് വഴിയാണ് റെയിൽവേയും കൽക്കരി കമ്പനികളും അടക്കമുള്ള സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. എന്നാൽ സെപ്റ്റംബറോടെ ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും മഴ ലഭിച്ചതോടെ ഉപഭോഗത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

മഴക്കുറവ് കാരണം ജലവൈദ്യുത നിലയങ്ങളിലെ ഉൽപ്പാദനത്തിൽ 11 ശതമാനത്തോളം ഇടിവുണ്ടായത് തിരിച്ചടിയായി. കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 84,767.77 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 75,304.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകത പരിഹരിക്കാൻ ജലവൈദ്യുതി പ്രധാന പങ്കുവഹിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി. എൽ നിനോ പ്രഭാവം മൂലം അണക്കെട്ടുകളിലെ ജലനിരപ്പ് 2023-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതാണ് ജലവൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ചത്. ജലവൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ രാജ്യം കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കൽക്കരി അധിഷ്ഠിത നിലയങ്ങളിൽ നിന്നുള്ള ഉൽപ്പാദനം 10 ശതമാനം വർദ്ധിച്ച് 5,79,869.38 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൽക്കരി നിലയങ്ങളുടെ പ്രവർത്തനം കൂടിയതോടെ ഏപ്രിൽ ആദ്യം 55 ദശലക്ഷം ടണ്ണുണ്ടായിരുന്ന കൽക്കരി ശേഖരം സെപ്റ്റംബർ 30 എത്തുമ്പോഴേക്ക് 18.6 ദശലക്ഷം ടണ്ണായി കുത്തനെ ഇടിഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേസെടുത്തത് ബിജെപി നേതാവിനും കൂട്ടാളികൾക്കുമെതിരെ; ഫോം-7 അപേക്ഷ ഉപയോഗിച്ച് കർണാടകയിൽ വോട്ടർമാരുടെ പേര് നീക്കം ചെയ്തെന്ന് പരാതി
മകൾക്കെതിരായ പോക്സോ കേസിൽ പൊലീസ് നടപടി എടുത്തില്ല; മനംനൊന്ത് പിതാവ് ജീവനൊടുക്കി, ഞെട്ടിക്കുന്ന സംഭവം കർണാടകയിലെ ദാവൺഗരെയിൽ