
ബെലഗാവി: കർണാടകയിൽ എസ്ഐആർ പ്രവർത്തനത്തിനിടെ വോട്ടർമാരുടെ പേരുകൾ ബോധപൂർവം നീക്കം ചെയ്തെന്ന് ആറോപിച്ച് ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി നേതാവ് രവി പാട്ടീലിനും കൂട്ടാളികൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ബെലഗാവി നോർത്ത് മണ്ഡലത്തിലെ 198 മുസ്ലിം വോട്ടർമാരുടെ പേരുകൾ വ്യാജ രേഖകളും ഫോം-7 അപേക്ഷകളും ഉപയോഗിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചതിനാണ് കേസ്. സെപ്റ്റംബർ 30-നാണ് ബെലഗാവി മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ബെലഗാവി നോർത്ത് മണ്ഡലത്തിലെ വാർഡ് നമ്പർ 12-ലെ ബൂത്ത് ലെവൽ ഏജന്റായ മീരാസാബ് സനാദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സെപ്റ്റംബർ 22-ന് രവി പാട്ടീൽ, ശങ്കർ ബീരപ്പ നായിക്, പ്രശാന്ത് ദീപക് മുണ്ടിൻമണി എന്നിവരും ഇരുപതോളം വരുന്ന സംഘവും ചേർന്ന് വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുകയായിരുന്ന ബൂത്ത് ലെവൽ ഓഫീസറെ സമീപിക്കുകയും, മുസ്ലിം വിഭാഗത്തിൽപ്പെട്ട വോട്ടർമാരെ മാത്രം ലക്ഷ്യമിട്ട് ഫോം-7 അപേക്ഷകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനെതിരെയോ ഉള്ള പേര് നീക്കം ചെയ്യുന്നതിനോ സമർപ്പിക്കുന്ന അപേക്ഷയാണ് ഫോം-7. തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ നൽകിയതാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് വ്യാജ രേഖകൾ ചമച്ചാണ് ഇവർ ബി.എൽ.ഒയ്ക്ക് നൽകിയത്. പരാതിക്കാരന്റെയും കുടുംബാംഗങ്ങളുടെയും പേരുകളും ഈ പട്ടികയിലുണ്ടായിരുന്നു. ഇ.ആർ.ഒ എന്ന വ്യാജേന മറ്റൊരാളെക്കൊണ്ട് ഫോണിൽ സംസാരിപ്പിച്ച് ബി.എൽ.ഒയിൽ നിന്ന് ഒപ്പ് വാങ്ങിയെടുത്തതായും, ഇത്തരം നീക്കങ്ങൾ പ്രദേശത്ത് ക്രമസമാധാന പ്രശ്നത്തിന് വരെ കാരണാകുന്ന നിലയുണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ബെലഗാവി പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ബീദർ, മൈസൂരു എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഫോം-7 ദുരുപയോഗം ചെയ്ത് മുസ്ലിം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ ശ്രമിച്ചതിന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബീദറിൽ 3,244 വോട്ടർമാരെ താമസം മാറിയവർ/ഇല്ലാത്തവർ എന്ന് തെറ്റായി കാണിച്ചതിന് 32 പേർക്കെതിരെയും, മൈസൂരിൽ 29 വോട്ടർമാർക്കെതിരെ വ്യാജ അപേക്ഷ നൽകിയതിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് അടക്കമുള്ളവർക്കെതിരെയുമാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam