
ദില്ലി: കാർഷിക മേഖലയിൽ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന എന്ന പേരിലാണ് പദ്ധതി. 100 കർഷക ജില്ലകളെ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് 24000 കോടി രൂപ കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുണ്ട്. രാജ്യമാകെയുള്ള 1.7 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ആറ് വർഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നാണ് പദ്ധതിയെ കുറിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചത്. കേന്ദ്രമ മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്കായി പണം നീക്കിവെക്കാൻ തീരുമാനിച്ചത്. കാർഷിക രംഗത്തെ പ്രധാന നൂറ് ജില്ലകളിൽ ഉൽപ്പാദനം വളർത്താനും സുസ്ഥിര കൃഷി വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേർന്നത്. രാജ്യത്തെ വിളവ് കുറഞ്ഞ കാർഷിക ജില്ലകളെയടക്കം ഉത്തേജിപ്പിക്കാനുള്ളതാണ് പദ്ധതി. ഓരോ സംസ്ഥാനത്തെയും കുറഞ്ഞത് ഒരു ജില്ലയെങ്കിലും പദ്ധതിയുടെ ഭാഗമാകും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ വിവിധ കമ്മിറ്റികൾ രൂപീകരിക്കും. ഇതിലൂടെ മെച്ചപ്പെട്ട വിളവും മെച്ചപ്പെട്ട വരുമാനവും മികച്ച ജീവിതനിലവാരവും കർഷകർക്ക് ഉറപ്പാക്കാനാവുമെന്ന് വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam