മലെഗാവ്‌ സ്‌ഫോടനം; പ്രഗ്യ സിംഗ്‌ കോടതിയില്‍ ഹാജരായില്ല, അനാരോഗ്യമെന്ന്‌ വിശദീകരണം

By Web TeamFirst Published Jun 6, 2019, 5:52 PM IST
Highlights

ഈ ആഴ്‌ച്ച തന്നെ ഇത്‌ രണ്ടാം തവണയാണ്‌ കേസ്‌ വിസ്‌താരത്തിന്‌ പ്രഗ്യാ സിംഗ്‌ കോടതിയില്‍ ഹാജരാകാതിരിക്കുന്നത്.

മുംബൈ: മലേഗാവ്‌ സ്‌ഫോടനക്കേസില്‍ വാദം തുടരുന്നതിനിടെ രണ്ടാംതവണയും കോടതിയില്‍ ഹാജരാകാതെ ബിജെപി എംപി പ്രഗ്യാ സിംഗ്‌ ഠാക്കൂര്‍. രക്തസമ്മര്‍ദ്ദം കൂടിയതിനാലാണ്‌ പ്രഗ്യ സിംഗിന്‌ കോടതിയില്‍ ഹാജരാകാന്‍ കഴിയാഞ്ഞതെന്ന്‌ അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

ഈ ആഴ്‌ച്ച തന്നെ ഇത്‌ രണ്ടാം തവണയാണ്‌ കേസ്‌ വിസ്‌താരത്തിന്‌ പ്രഗ്യാ സിംഗ്‌ കോടതിയില്‍ ഹാജരാകാത്തത്‌. വയറിന്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ബുധനാഴ്‌ച്ച രാത്രി പ്രഗ്യാ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്‌ പുലര്‍ച്ചെ അവര്‍ ആശുപത്രിയില്‍ നിന്ന്‌ തിരികെപ്പോവുകയും ചെയ്‌തു. പ്രഗ്യാ സിംഗിന്‌ തീര സെുഖമില്ലെന്നും പാര്‍ട്ടി പരിപാടിയില്‍ അടിയന്തരമായി പങ്കെടുക്കേണ്ടതിനാല്‍ പുലര്‍ച്ചെ ആശുപത്രി വിട്ടതാണെന്നും അവരുടെ അടുത്ത അനുയായി ഉപമ പിടിഐയോട്‌ പറഞ്ഞു. പ്രഗ്യാ സിംഗ്‌ പരിപാടിക്ക്‌ ശേഷം ആശുപത്രിയിലേക്ക്‌ മടങ്ങുമെന്നും അവര്‍ അറിയിച്ചു.

ഈ ആഴ്‌ച്ച കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവ്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രഗ്യാ സിംഗ്‌ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്‌ച്ച കോടതി തള്ളിയിരുന്നു. പാര്‍ലമെന്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു അന്ന്‌ ഹര്‍ജിയില്‍ പ്രഗ്യാ സിംഗ്‌ പറഞ്ഞത്‌.

അതേസമയം, രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത ആരോഗ്യസ്ഥിതിയാണ്‌ പ്രഗ്യാ സിംഗിന്റേതെന്നും അതുകൊണ്ടാണ്‌ ഭോപ്പാലില്‍ നിന്ന്‌ മുംബൈയിലെ കോടതിയിലേക്ക്‌ എത്താന്‍ കഴിയാത്തതെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇന്നത്തേക്ക്‌ കൂടി ഇളവ്‌ നല്‍കുകയാണെന്നും വെള്ളിയാഴ്‌ച്ച പ്രഗ്യാ സിംഗ്‌ കോടതിയില്‍ ഹാജരായേ മതിയാകൂ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
 

click me!