
ബെംഗളൂരു: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി അശ്ലീലവീഡിയോകളെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത മൊബൈൽഫോണിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് പിന്നാലെയാണ് ഫോണിൽ നിരവധി അശ്ലീലവീഡിയോകൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് പ്രജ്വൽ രേവണ്ണയുടെ സെല്ലിൽനിന്നും മൊബൈൽഫോൺ പിടിച്ചെടുത്തത്. ഇതിനുപുറമേ ഫോൺ ചാർജറും ഒരു പെൻഡ്രൈവും നോട്ട്ബുക്കും കണ്ടെടുത്തിരുന്നു. തുടർന്ന് മൊബൈൽഫോണും പെൻഡ്രൈവും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിലാണ് ഫോണിൽ ഡസൻകണക്കിന് അശ്ലീലവീഡിയോകൾ കണ്ടെത്തിയത്. പെൻഡ്രൈവിൽ നിരവധി വെബ്സീരിസുകളാണ് സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു.
പരപ്പന അഗ്രഹാര ജയിലിലെ അതിസുരക്ഷാ സെല്ലിലാണ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപിയെ പാർപ്പിച്ചിരുന്നത്. പ്രജ്വൽ രേവണ്ണയുടെ സെല്ലിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തതോടെ ഒരു ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടു.
പരപ്പന അഗ്രഹാര ജയിലിലെ തടവുകാരിൽ ചിലർക്ക് വിഐപി പരിഗണന ലഭിക്കുന്നത് നേരത്തേയും വിവാദമായിരുന്നു. ജയിലിൽ തടവുകാർ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതും നേരത്തേ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് പീഡനക്കേസിൽ പ്രതിയായ മുൻ എംപിയിൽനിന്ന് മൊബൈൽഫോണും പിടിച്ചെടുത്തത്.
ഫാംഹൗസിലെ ജോലിക്കാരിയായ 48-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലാണ് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഹാസനിലെ ഫാംഹൗസിൽവെച്ച് ജോലിക്കാരിയെ പലതവണ പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam