കാർ ലോണുമായി ബന്ധപ്പെട്ട് പ്രിയങ്ക തന്റെ നേരത്തേയുണ്ടായിരുന്ന വിലാസമാണ് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വരുമ്പോൾ ആവശ്യമായ വിവരങ്ങളും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയങ്ക തോമർ സെപ്റ്റംബർ എട്ടിന് സാഹിബാബാദ് വൃന്ദാവൻ ​ഗാർഡൻ കോളനിയിലെ പിതാവിന്റെ വീട്ടിലെത്തിയത്.

​ഗാസിയാബാദ്: പിതാവിന് നേരേ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മകൾക്കെതിരേ പൊലീസ് കേസെടുത്തു. ​ഗാസിയാബാദിൽ താമസിക്കുന്ന പ്രിയങ്ക തോമറിനെതിരേയാണ് പിതാവ് ഹിതേഷ് തോമറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

രണ്ടുവർഷം മുൻപ് വീട് വിട്ടിറങ്ങിയ പ്രിയങ്ക തോമർ ഇതരജാതിക്കാരനായ കാമുകനെ വിവാഹം കഴിച്ച് മറ്റൊരിടത്തായിരുന്നു താമസം. അതിനിടെ, കാർ ലോണുമായി ബന്ധപ്പെട്ട് പ്രിയങ്ക തന്റെ നേരത്തേയുണ്ടായിരുന്ന വിലാസമാണ് നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വരുമ്പോൾ ആവശ്യമായ വിവരങ്ങളും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയങ്ക തോമർ സെപ്റ്റംബർ എട്ടിന് സാഹിബാബാദ് വൃന്ദാവൻ ​ഗാർഡൻ കോളനിയിലെ പിതാവിന്റെ വീട്ടിലെത്തിയത്. എന്നാൽ, പിതാവ് ഇതിന് വിസമ്മതിച്ചു. ഇതോടെ അസഭ്യം പറഞ്ഞ യുവതി പിതാവിന് നേരേ കൈയിൽ കരുതിയിരുന്ന തോക്ക് ചൂണ്ടി ഭീഷണി മുഴക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാനെത്തിയ സഹോദരന്റെ ഭാര്യയ്ക്ക് നേരേയും യുവതി തോക്ക് ചൂണ്ടി ഭീഷണി മുഴക്കി. തുടർന്ന് ഒപ്പമെത്തിയ സുഹൃത്ത് ഇടപെട്ടാണ് പ്രിയങ്കയെ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പിതാവിന്റെ പരാതിയിൽ പ്രിയങ്കയ്ക്കെതിരേയും ഇവർക്കൊപ്പമെത്തിയ സുഹൃത്തിനെതിരേയും കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രിയങ്ക ഒളിവിലാണെന്നും ഇവരുടെ ഫോൺ സ്വിച്ച് ഓഫാണെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.