അയോധ്യ, ശബരിമല വിധികളിൽ സുപ്രീംകോടതിക്കെതിരെ പ്രകാശ് കാരാട്ട്

By Web TeamFirst Published Nov 21, 2019, 8:42 AM IST
Highlights

അയോധ്യ, ശബരിമല വിധികളിൽ ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധിചെയ്തെന്നാണ് കാരാട്ടിന്‍റെ വിമർശനം. ഭൂരിപക്ഷവാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും കാരാട്ട്.

തിരുവനന്തപുരം: അയോധ്യ, ശബരിമല വിധികളിൽ സുപ്രീംകോടതിക്കെതിരെ വിമർശനവുമായി സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികളിൽ ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധിചെയ്തെന്നാണ് കാരാട്ടിന്‍റെ വിമർശനം. കോടതി എക്സിക്യൂട്ടീവിന് വഴങ്ങിക്കൊടുക്കുകയാണെന്നും ഭൂരിപക്ഷവാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

'സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്‍റെ വിമര്‍ശനം. അയോധ്യ വിധിയില്‍ വിശ്വാസത്തിനാണ് പ്രാമുഖ്യം നൽകുന്നത്. വിധി മതനിരപേക്ഷതക്കായി നിലകൊള്ളുന്നതിലെ പരാജയം വെളിപ്പെടുത്തുന്നുവെന്ന് കാരാട്ട് നിരീക്ഷിക്കുന്നു. ശബരിമലയിൽ സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിനാണ് പ്രധാന്യം നൽകുന്നതെന്നും കാരാട്ട് വിമര്‍ശിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ്‌ ഇതെന്ന് കാരാട്ട് ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകർക്കാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉൽക്കണ്‌ഠയ്‌ക്ക് വിഷയമാകുകയും ചെയ്യുന്നുവെന്ന് കാരാട്ട് വിശദീകരിക്കുന്നു.

click me!