
ചെന്നൈ: തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടിവികെ ടിക്കറ്റിൽ ജയിച്ചുകയറിയവരിൽ ഡ്രൈവർമാരും. ഓട്ടോ ഡ്രൈവറായ വിജയ് ദാമുവും ലോഡ് വാൻ ഡ്രൈവറായ ആർ പ്രകാശവുമാണ് ഭരണകക്ഷിയായ ഡിഎംകെയുടെ സിറ്റിങ് സീറ്റുകളിൽ വെന്നിക്കൊടി പാറിച്ചത്. വിജയ് ദാമുവിൻ്റെ വിജയം പതിനായിരം വോട്ടുകൾക്ക് മുകളിൽ നേടിയാണെങ്കിൽ ആർ പ്രകാശത്തിൻ്റെ ഭൂരിപക്ഷം അരലക്ഷത്തിലും മേലെയാണ്.
ഡിഎംകെയുടെ സിറ്റിങ് സീറ്റായിരുന്ന ചെന്നൈയിലെ റോയപുരത്തുനിന്ന് ജനവിധി തേടിയ വിജയ് ദാമു, 59,091 വോട്ടുകൾ നേടിയാണ് വിജയിച്ചത്. അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായിരുന്ന ഡി ജയകുമാറും ഡിഎംകെ നേതാവും മുൻ മന്ത്രിയുമായിരുന്ന റഹ്മാൻ ഖാൻ്റെ മകനായ എ സുബൈർ ഖാനുമാണ് വിജയ് ദാമുവിന് മുന്നിൽ അടിതെറ്റിയത്. ടിവികെയുടെ ജില്ലാ സെക്രട്ടറി കൂടിയായ വിജയ് ദാമു താൻ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവറാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
സമാനമാണ് പൂനമല്ലി സീറ്റിലെ ആർ പ്രകാശം എന്ന കുട്ടിയുടെ വിജയം. ലോഡ് വാൻ ഡ്രൈവറായ പ്രകാശം, 72,740 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ ജയിച്ചുകയറിയത്. ഡിഎംകെയുടെ സീറ്റിങ് സീറ്റായിരുന്ന പൂനമല്ലിയിൽ 1,61,309 വോട്ടുകൾ നേടിയാണ് പ്രകാശത്തിൻ്റെ വിജയം. സിറ്റിങ് എംഎൽഎ എ കൃഷ്ണസ്വാമി, എഎംഎംകെ നേതാവും മുൻ എംഎൽഎയുമായ ടിഎ ഏലുമലൈ എന്നിവരെയാണ് പ്രകാശം പരാജയപ്പെടുത്തിയത്.
അതേസമയം തമിഴ്നാട്ടിലെ ആദ്യ ഭിന്നശേഷിക്കാരനായ എംഎൽഎയാകുകയാണ് ടിവികെ ടിക്കറ്റിൽ ജയിച്ചുകയറിയ ജെ മുനിരത്നം. കാഞ്ചീപുരത്തെ ഉതിരമേരൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിങ് എംഎൽഎ കെ സുന്ദറിനെ 84,916 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനിരത്നം തോൽപ്പിച്ചത്. 2009 മുതൽ വിജയ് മക്കൾ ഇയ്യക്കത്തിൽ പ്രവർത്തിച്ചുവന്ന മുനിരത്നം 50 ശതമാനം ഭിന്നശേഷി നേരിടുന്ന വ്യക്തിയാണ്.
ഇതിനു പുറമേ, വർഷങ്ങളായി വിജയ്‍യുടെ ഡ്രൈവറായും പേഴ്സണൽ അസിസ്റ്റന്റായും പ്രവർത്തിച്ചുവരുന്ന രാജേന്ദ്രന്റെ മകൻ ആർ ശബരിനാഥനും ടിവികെ ടിക്കറ്റിൽ ജയം നേടി. 30കാരനായ ശബരിനാഥൻ വിരുഗംപക്കം മണ്ഡലത്തിലാണ് 27,086 വോട്ടുകളുടെ ഭൂരിപക്ഷം നേടി ജയിച്ചുകയറിയത്. ഡിഎംകെയുടെ സിറ്റിങ് എംഎൽഎ എഎംവി പ്രഭാകര രാജയെയാണ് ശബരിനാഥൻ പരാജയപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam