വ്യാജ ഫ്ലാഗ് രജിസ്ട്രേഷനും ഇൻഷുറൻസ് നിഷേധവും ആരോപിച്ച് കപ്പൽ കമ്പനികൾക്കെതിരെ ഇന്ത്യൻ നാവികർ രംഗത്ത്. ചികിത്സ കിട്ടാതെ മരിച്ച നിശാന്ത് ഉയിർത്തനാഥൻ എന്ന നാവികന്റെ ദാരുണ സംഭവമാണ് ഇതിന് ആധാരം. വിഷയത്തിൽ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് നാവികരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു.

ദില്ലി: കപ്പൽ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ നാവികരുടെ കൂട്ടായ്മ രംഗത്ത്. വ്യാജ ഫ്ലാഗ് രജിസ്ട്രേഷൻ വിവരങ്ങളുമായി കപ്പലുകൾ സർവീസ് നടത്തുന്നുവെന്നും, അപകടത്തിൽ പെടുന്ന നാവികർക്ക് അർഹമായ ഇൻഷുറൻസ് പോലും നിഷേധിക്കപ്പെടുന്നുവെന്നുമാണ് കൂട്ടായ്മയുടെ പ്രധാന ആരോപണം. ഈ വിഷയത്തിൽ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്നും നാവികർ ആവശ്യപ്പെടുന്നു.

കപ്പലിൽ വെച്ച് ചികിത്സ കിട്ടാതെ മരിച്ച നിശാന്ത് ഉയിർത്തനാഥൻ എന്ന ഇന്ത്യൻ നാവികന്റെ ദാരുണമായ അനുഭവവും കേസും ചൂണ്ടിക്കാണിച്ചാണ് നാവികരുടെ കൂട്ടായ്മ ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ചികിത്സ കിട്ടാതെ ജീവനൊടുക്കേണ്ടി വന്ന ദാരുണ സാഹചര്യം ജൂൺ 11-നാണ് നിശാന്ത് കപ്പലിൽ വെച്ച് ഗുരുതരമായി രോഗബാധിതനായി മരണപ്പെടുന്നത്. എന്നാൽ, ഈ മേഖലയിൽ നിലനിൽക്കുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങളും മിസൈൽ ആക്രമണ ഭീഷണികളും കാരണം ഇദ്ദേഹത്തിന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ആരോപിച്ചു.

മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സംരക്ഷിക്കാനുള്ള സൗകര്യങ്ങൾ കപ്പലിൽ ഇല്ലാത്തതിനാൽ മൃതദേഹം ജീർണ്ണിക്കാൻ തുടങ്ങിയതായും കപ്പലിലെ ജീവനക്കാർ ആശങ്ക പങ്കുവെച്ചു. ഒമാനിലെ ദുഖ്ം പോർട്ട് കൺട്രോളുമായി കപ്പലിന്റെ ക്യാപ്റ്റൻ രാജേന്ദ്ര യാദവ് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം സഹായം വൈകുകയായിരുന്നു.