മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മഹാരാഷ്ട്ര എൻ സി പി യിൽ ഭിന്നത; രാജി വച്ച് മുതിര്‍ന്ന നേതാവ്

By Web TeamFirst Published Dec 31, 2019, 7:55 AM IST
Highlights

രാഷ്ട്രീയത്തിന് വിലയില്ലാതായി. എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ.  പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്‍റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല.  

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ. ഇന്നലെ രാത്രിയാണ് രാജി പ്രഖ്യാപനം. എന്‍സിപിയുടെ ബീഡ് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രകാശ് സോളങ്കെ. 
രാജി വയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായെന്നും സോളങ്കെ പ്രതികരിച്ചു. 

പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്‍റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേര്‍ത്തു. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജി കത്ത് നല്‍കുമെന്നും സോളങ്കെ അറിയിച്ചു. 

മന്ത്രി സഭാ വികസനവുമായി തന്‍റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നും സോളങ്കെ പറയുന്നുണ്ട്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയതും 20 വർഷത്തിലേറെ എം എൽ എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന. അതേ സമയം സംസ്ഥാനത്തെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് ദില്ലിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പുതിയ സംസ്ഥാന അധ്യക്ഷനാരാവുമെന്ന പ്രഖ്യാപനവും ഇന്നുണ്ടായേക്കും. 288 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ മഹാസഖ്യത്തിന്‍റെ അംഗബലം 170 ആണ്. 54 അംഗങ്ങളുള്ള എന്‍സിപിയാണ് രണ്ടാമത്തെ വലിയ കക്ഷി. 

click me!