
ദില്ലി: രാജ്യത്തിൻ്റെ ആത്മവിശ്വാസമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പ്രകടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ. കോൺഗ്രസ് നാല്പത് സീറ്റെങ്കിലും നേടുമെന്ന് പ്രാർത്ഥിക്കുന്നുവെന്ന് മോദി പറഞ്ഞു. തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. വിഘടനവാദവും ഭീകരവാദവും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോൺഗ്രസ് തുടർന്നു. എന്തു കൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷ നിയമം മാറ്റിയില്ലെന്നും മോദി ചോദിച്ചു.
ജവഹർലാൽ നെഹ്റു സംവരണത്തെ എതിർക്കുകയാണ് ചെയ്തത്. ജമ്മുകശ്മീരിലെ പിന്നാക്ക വിഭാഗങ്ങളുടെ അധികാരം പുന:സ്ഥാപിച്ചത് ബിജെപിയാണ്. ബിആർ അംബേദ്ക്കർക്ക് ഭാരത രത്ന നല്കാൻ കോൺഗ്രസ് തയ്യാറായില്ല. പിന്നാക്ക വിഭാഗത്തിൽ പെടുന്ന സീതാറാം കേസരിയെ കോൺഗ്രസ് തെരുവിൽ എറിഞ്ഞു. ആദിവാസി മഹിള രാഷ്ട്രപതിയാകുന്നതിനെ കോൺഗ്രസ് എതിർത്തുവെന്നും മോദി പറഞ്ഞു. മല്ലികാർജ്ജുൻ ഖർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്നും മോദി പരിഹസിച്ചു. കമാൻഡർ ദില്ലിയിൽ ഇല്ലാത്തതു കൊണ്ടാണ് ഖർഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയത്. 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖർഗെയ്ക്ക് നന്ദിയുണ്ട്. തന്റെ ശബ്ദത്തിന് ജനങ്ങൾ കരുത്ത് നൽകിയെന്നും മോദി പറഞ്ഞു. ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ തുടങ്ങിയവയെ തകർത്തത് കോൺഗ്രസ് ആണ്. എൽഐസിയുടെ ഓഹരി വില ഇന്ന് റെക്കോഡിലെത്തി. 234 നിന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 254 ആയി. രാഹുൽ ഗാന്ധി ഇതു വരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും മോദി പരിഹസിച്ചു.
സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്റെത്. കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി ചേർന്ന് ഒരു ടീമായാണ് പ്രവർത്തിച്ചത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വിദേശ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്ന ഭാഷ ഉപയോഗിക്കുന്നത് വേദനാജനകമാണ്. രാജ്യത്തിന്റെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന ഭാഷ ചിലർ ഉപയോഗിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam