രണ്ട് ചിത്രങ്ങളായിരുന്നു തമിഴ് സിനിമയില്‍ നിന്ന് ഇക്കുറി പൊങ്കലിന് പ്രധാനമായും എത്തിയത്

തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് പൊങ്കല്‍. ഒന്നാം നിര താരങ്ങളുടെ വന്‍ ഹൈപ്പ് ഉള്ള സിനിമകള്‍ ഇറങ്ങാറുള്ള കാലം. തമിഴ്നാട്ടുകാര്‍ കുടുംബത്തോടൊപ്പം ഉറപ്പായും തിയറ്ററുകളിലെത്തുന്ന കാലം കൂടിയാണ് പൊങ്കല്‍. എന്നാല്‍ ബോക്സ് ഓഫീസില്‍ വിസ്മയമൊന്നും കാഴ്ചവെക്കാതെയാണ് ഇത്തവണത്തെ പൊങ്കല്‍ കടന്നുപോയത്. 

രണ്ട് ചിത്രങ്ങളായിരുന്നു തമിഴ് സിനിമയില്‍ നിന്ന് ഇക്കുറി പൊങ്കലിന് എത്തിയത്. ധനുഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയനെ നായകനാക്കി ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത അയലാനും. വലിയ കാന്‍വാസില്‍ ഒരുങ്ങിയ രണ്ട് ചിത്രങ്ങളില്‍ ഒന്നുപോലും 100 കോടി ക്ലബ്ബില്‍ എത്തിയില്ല. അയലാനാണ് കളക്ഷനില്‍ ക്യാപ്റ്റന്‍ മില്ലറേക്കാള്‍ മുന്നില്‍. ധനുഷ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 68.75 കോടിയാണെങ്കില്‍ അയലാന്‍ നേടിയത് 75.5 കോടിയാണ്. അതേസമയം വിവിധ മാര്‍ക്കറ്റുകളില്‍ ഈ ചിത്രങ്ങള്‍ നേടിയ ജനപ്രീതിയില്‍ വ്യത്യാസമുണ്ട്.

തമിഴ്നാട്ടില്‍ മില്ലറേക്കാള്‍ മുന്നില്‍ അയലാന്‍ ആണെങ്കില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ മുന്നില്‍ ധനുഷ് ചിത്രമാണ്. കേരളത്തില്‍ ഈ ചിത്രങ്ങള്‍ തമ്മിലുള്ള കളക്ഷനില്‍ വലിയ അന്തരവുമുണ്ട്. ക്യാപ്റ്റന്‍ മില്ലര്‍ കേരളത്തില്‍ നിന്ന് നേടിയത് 5.05 കോടിയാണെങ്കില്‍ അയലാന് ഇവിടെ ഒരു കോടി പോലും നേടാനായില്ല. 75 ലക്ഷം മാത്രമാണ് ശിവകാര്‍ത്തികേയന്‍ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയത്. ധനുഷിന്‍റെ കേരളത്തിലെ കരിയര്‍ ബെസ്റ്റ് കളക്ഷനാണ് ക്യാപ്റ്റന്‍ മില്ലര്‍ നേടിയത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം തമിഴ്നാട്ടിലെ തിയറ്ററുകള്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രവര്‍ത്തിദിനങ്ങളിലെ നൂണ്‍, മാറ്റിനി ഷോകള്‍ക്ക് ആളെത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ALSO READ : വര്‍ഷം തുടങ്ങിയിട്ട് 38 ദിവസം; രണ്ട് 300 കോടി ക്ലബ്ബ് ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം