കർഷക പ്രതിസന്ധി ധരിപ്പിക്കാൻ രാഷ്ട്രപതി അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രിയും എംഎല്‍എമാരും

By Web TeamFirst Published Nov 4, 2020, 5:36 PM IST
Highlights

പഞ്ചാബിലെ കര്‍ഷക പ്രതിസന്ധി ധരിപ്പിക്കാന്‍ രാഷ്ട്രപതി അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും എംഎല്‍എമാരും ജന്ദര്‍ മന്ദിറില്‍ ധര്‍ണ നടത്തി

ദില്ലി: പഞ്ചാബിലെ കര്‍ഷക പ്രതിസന്ധി ധരിപ്പിക്കാന്‍ രാഷ്ട്രപതി അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും എംഎല്‍എമാരും ജന്ദര്‍ മന്ദിറില്‍ ധര്‍ണ നടത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ക്യാപ്റ്റന്‍ അമരേന്ദിര്‍ സിങ് ജന്ദര്‍ മന്ദിറില്‍ ധര്‍ണയ്ക്കെത്തിയത്. 

കേന്ദ്ര കര്‍ഷക നിയമത്തിന് ബദലായി പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി വേണം, വൈദ്യുതോത്പാദനത്തിന് കല്‍ക്കരി എത്തിക്കാന്‍ ചരക്ക് തീവണ്ടികള്‍ വേണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രതിനിധികള്‍ രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയത്. അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചത്. 

രാവിലെ ദില്ലി പഞ്ചാബ് ഹൗസില്‍ നിന്ന് വിവിധ സംഘങ്ങളായാണ് എംപിമാരും എംഎല്‍എമാരും പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ജന്ദര്‍ മന്ദിറിലേക്ക് മാര്‍ച്ച് ചെയ്തത്. പതിനായിരം കോടിയിലധികം കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശികയുണ്ടെന്നും കേന്ദ്രം പഞ്ചാബിനോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അമരേന്ദിര്‍ സിങ് ആരോപിച്ചു.

click me!