
ദില്ലി: ആദ്യമായി യുദ്ധവിമാനത്തിൽ സഞ്ചരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാജ്യത്തെ സേനകളുടെ സുപ്രീം കമാൻഡര്‍ കൂടിയായ ദ്രൗപതി മുര്‍മു ആദ്യമായി പറന്നത്. അസമിലെ തേസ്പൂര്‍ വ്യോമ കേന്ദ്രത്തിൽ നിന്നായിരുന്നു രാഷ്ട്രപതി യുദ്ധ വിമാന യാത്ര നടത്തിയത്. പ്രിൽ ആറ് മുതൽ എട്ട് വരെ അസമിൽ സന്ദര്‍ശനം നടത്തുന്നതിനിടെ ആയിരുന്നു വിമാന യാത്ര. ബ്രഹ്മപുത്ര, തേസ്പൂർ താഴ്വരകൾക്ക് മുകളിലൂടെ 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു.
106 സ്ക്വാഡ്രണിലെ സിഒ ജിപി ക്യാപ്റ്റൻ നവീൻ കുമാറാണ് വിമാനം പറത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ഉയരത്തിലും മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലും ആയിരുന്നു വിമാനം പറന്നത്. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചതും ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ചതുമായ രണ്ട് സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ.
ഇത് ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്ന് രാഷ്ട്രപതി പ്രതികരിച്ചു. 'ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിൽ പറന്നത് ഏറ ആവേശകരമായ അനുഭവമായിരുന്നു. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണ്- എന്നായിരുന്നു പ്രസിഡന്റ് ട്വിറ്ററിൽ കുറിച്ചത്. ഇത്തരമൊരു അവസരമൊരുക്കിയ ഇന്ത്യൻ എയർഫോഴ്സിനേയും എയർഫോഴ്സ് സ്റ്റേഷൻ തേസ്പൂരിലെ മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രസിഡന്റ്റ സന്ദര്‍ശക പുസ്തകത്തിൽ കുറിച്ചു.
ഏപ്രിൽ ആറിന് അസമിലെത്തിയ പ്രസിഡന്റ് ദ്രൗപതി മുർമു ഏഴിന് കാസിരംഗ നാഷണൽ പാർക്ക് ഉദ്ഘാടനം ചെയ്തു. മൗണ്ട് കാഞ്ചൻജംഗ പര്യവേഷണം - 2023 ഫ്ലാഗ് ഓഫ് ചെയ്ത അവര്‍ രണ്ട് ദിവസത്തെ 'ഗജ് ഫെസ്റ്റിവൽ' ഉദ്ഘാടനം ചെയ്തു. ഗുവാഹത്തി ഹൈക്കോടതിയുടെ 75-ാം വാര്‍ഷിക ചടങ്ങിലും അവര്‍ പങ്കാളിയായി. 2009 -ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലും മുൻനിര യുദ്ധവിമാനത്തിൽ പറന്നിരുന്നു. ഇത്തരത്തിൽ യുദ്ധവിമാന യാത്ര നടത്തിയ മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ് മുർമു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam