അമ്മ പത്മ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോൾ മകൾ കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ സദസിൽ ഇരിക്കുകയായിരുന്നു. ആളെ തിരിച്ചറിയാൻ ഇത്തിരി വൈകിയെങ്കിലും, തിരിച്ചറിഞ്ഞ ശേഷം ഒട്ടും വൈകിയില്ല, മുൻ നിരയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനടുത്തേക്ക് ആ മകളെ മാറ്റിയിരുത്തി. 

ദില്ലി: അമ്മ പത്മ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോൾ മകൾ കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ സദസിൽ ഇരിക്കുകയായിരുന്നു. ആളെ തിരിച്ചറിയാൻ ഇത്തിരി വൈകിയെങ്കിലും, തിരിച്ചറിഞ്ഞ ശേഷം ഒട്ടും വൈകിയില്ല, മുൻ നിരയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനടുത്തേക്ക് ആ മകളെ മാറ്റിയിരുത്തി. ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയായിരുന്നു പത്മ അവാര്‍ഡ് ഏറ്റുവാങ്ങാൻ എത്തിയത്. അവര്‍ക്ക് പത്മ അവാർഡ് ലഭിക്കുന്നത് കാണാൻ എത്തിയ കുടുംബാംഗങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നതാകട്ടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും യുകെ പ്രഥമ വനിതയുമായ അക്ഷതാ മൂർത്തിയും.

പത്മ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിനായി നാരായണ മൂർത്തിയും മകൻ റോഹൻ മൂർത്തിയും സഹോദരി സുനന്ദ കുൽക്കർണിയും എത്തിയിരുന്നു. ഇവര്‍ക്കൊപ്പം മധ്യത്തിലുള്ള സീറ്റുകളിലൊന്നിലായിരുന്നു അക്ഷത. പെട്ടെന്നാണ് സംഘാടകര്‍ അവരെ തിരിച്ചറിഞ്ഞതും, യുകെയുടെ പ്രഥമ വനിതയായ അക്ഷതയെ പ്രൊട്ടോക്കോൾ പ്രകാരം മുൻസീറ്റിലേക്ക് മാറ്റിയിരുത്തിയതും.

അവരുടെ അടുത്തായി മറുവശത്ത് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിന്റെ കുടുംബവും അനുരാഗ് താക്കൂറടക്കമുള്ള മന്ത്രിമാരും ഉണ്ടായിരുന്നു. ചടങ്ങ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ദേശീയഗാനം ആലപിച്ചപ്പോൾ ജയശങ്കറിനൊപ്പം എഴുന്നേറ്റ് നിന്ന് ആദരം അര്‍പ്പിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ അക്ഷതയ്ക്ക് ബ്രിട്ടീഷ് സുരക്ഷയുണ്ടായിരുന്നില്ല. ചടങ്ങിലൂടനീളം നേരത്തെ ഇരുന്ന അതിഥികളുടെ സദസിൽ തന്നെയിരുന്നായിരുന്നു കുടുംബാംഗങ്ങൾ സാമൂഹ്യപ്രവര്‍ത്തകയായ സുധാ മൂര്‍ത്തി പത്മ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങ് വീക്ഷിച്ചത്.

Read more: രണ്ട് വയസുകാരൻ കിണറ്റിൽ വീണു, പിന്നാലെ ഇറങ്ങി രക്ഷകയായി എട്ട് വയസുകാരി സഹോദരി, മിടുക്കിക്ക് മധുരം നൽകി മന്ത്രി

കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റത്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമായിരുന്നു ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. ഭീമമായ സാമ്പത്തിക ഭാരം അടുത്ത തലമുറയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ഋഷി, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു സ്ഥാനം ഏറ്റെടുത്തത്.