ആരാകും അടുത്ത രാഷ്ട്രപതി? വോട്ടെടുപ്പ് നാളെ; 60 ശതമാനം വോട്ടുറപ്പിച്ച് ദ്രൗപദി മു‍ർമു

By Web TeamFirst Published Jul 17, 2022, 12:35 PM IST
Highlights

അത്മവിശ്വാസത്തിന്റെ നെറുകയിൽ എൻഡിഎ ക്യാമ്പ്, ഉപരാഷ്ട്രപതിയെ ചൊല്ലിയും പ്രതിപക്ഷ ക്യാമ്പിൽ ഭിന്നത

ദില്ലി: രാജ്യത്തെ അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നാളെ. നാളെ രാവിലെ പത്തിന് വോട്ടെടുപ്പ് തുടങ്ങും. പാർലമെന്റിൽ അറുപത്തിമൂന്നാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. ബാലറ്റ് പെട്ടികൾ സംസ്ഥാനങ്ങളിൽ എത്തിച്ചു. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് നാല്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ, എൻഡിഎ സ്ഥാനാർത്ഥി അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പാക്കി കഴിഞ്ഞു. വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻഡിഎയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. അതേസമയം പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക്, ആം ആദ്‍മി പാർട്ടി അവസാനം പിന്തുണ അറിയിച്ചത് മാത്രമാണ് ആശ്വാസം. 

ഇതിനിടെ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള പ്രതിപക്ഷ യോഗം ഇന്ന് ദില്ലിയിൽ ചേരും. ശരദ് പവാറിന്റെ വീട്ടിലാണ് യോഗം. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിലും പ്രതിപക്ഷത്ത് തുടക്കത്തിൽ തന്നെ ഭിന്നത പ്രകടമാണ്. തൃണമൂൽ കോൺഗ്രസ് ഈ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും എന്നാണ് സൂചന. എൻഡിഎ സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട പശ്ചിമ ബംഗാൾ ഗവർണർ ജഗ്‍ദീപ് ധൻകറെ കഴിഞ്ഞയാഴ്ച മമത ബാനർജി കണ്ടിരുന്നു. ഗവർണറുമായി തൃണമൂൽ സ്ഥിരം ഏറ്റുമുട്ടിയിരുന്നെങ്കിലും ധൻകർ മമതയുടെ പിന്തുണ തേടി എന്നാണ് സൂചന. നിതീഷ് കുമാർ ധൻകറെ പിന്തുണയ്ക്കും എന്നറിയിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയപ്പോൾ പകുതി വോട്ട് മൂല്യത്തിനും താഴെ ആയിരുന്നു എൻഡിഎയുടെ നില. എന്നാൽ ദ്രൗപദി മുർമുവിനെ തീരുമാനിച്ച ശേഷം അറുപത് ശതമാനം വോട്ട് ഉറപ്പാക്കാൻ കഴിഞ്ഞത് കേന്ദ്ര സർക്കാരിന് വലിയ നേട്ടമായി. 
 

click me!