
ദില്ലി: ബലാക്കോട്ടിലെ തീവ്രവാദികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പ്രതിരോധനസേനവക്താകള്‍ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും അമോറാം മിസൈലുകളും പാകിസ്ഥാന്‍ ഉപയോഗിച്ചതായും പ്രതിരോധ സേനയുടെ വക്താകള്‍ പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി.
അമോറാം മിസൈലിന്‍റേയും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസേനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍, നാവികസേനയെ പ്രതിനിധീകരിച്ച് നാവികസേന റിയര്‍ അഡ്മിറല്‍ ഡി.എസ്.ഗുജറാള്‍ എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.
എന്ത് ലക്ഷ്യമിട്ടാണോ വ്യോമസേന തീവ്രവാദി ക്യാംപുകളില്‍ ആക്രമണം നടത്തിയത് ആ ലക്ഷ്യം സാധിച്ചിട്ടുണ്ടെന്ന് വ്യോമസേന വക്താവ് ആര്‍ജികെ കപൂര്‍ പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്ന കാലത്തോളം അത്തരം ക്യാംപുകള്‍ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ തുടരും. ജയ്ഷെ ക്യാംപുകള്‍ ആക്രമിച്ചതിനും ലക്ഷ്യം കൈവരിച്ചതിനുമുള്ള വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും അതെപ്പോള്‍ പുറത്തുവിടണം എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന് വേണ്ടി ഒന്നിച്ചു നില്‍ക്കും എന്ന് വ്യക്തമാക്കിയ സേനാവിഭാഗങ്ങള്‍ പാകിസ്ഥാനില്‍ നിന്നുണ്ടാവുന്ന ഏത് തരം പ്രകോപനത്തിനും ചുട്ട മറുപടി തന്നെ കൊടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടേഴ്സും സാങ്കേതിക കേന്ദ്രവുമടക്കം നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് 27-ാം തീയതി പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എത്തിയത്. എന്നാല്‍ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടന്നതിനെ പിന്നാലെ തന്നെ ഇവരെ തുരത്തിയോടിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ എത്തി.
പാക് വിമാനങ്ങള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബുകളും മിസൈലുകളും വര്‍ഷിച്ചെങ്കിലും അതൊന്നും തന്നെ ലക്ഷ്യം കണ്ടില്ല. ഒരു ബോംബ് സൈനികകോംപൗണ്ടില്‍ വീണു. പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേന വിജയിച്ചു. പാകിസ്ഥാന്‍ എഫ്-16 വിമാനത്തെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവെച്ചിട്ടു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നതും പൈലറ്റ് പാകിസ്ഥാന്‍റെ പിടിയിലായതും.
ഇന്ത്യന്‍ പൈലറ്റുമാര്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും കബളിപ്പിക്കാനും പാകിസ്ഥാന്‍ ശ്രമിച്ചു. ആദ്യം മൂന്ന് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ പാകിസ്ഥാന്‍ പിന്നീട് അത് രണ്ട് പൈലറ്റുമാര്‍ മാത്രമാണെന്ന് പറഞ്ഞു. പിന്നീട് വൈകുന്നേരത്തോടെ മാത്രമേ ഒരു പൈലറ്റ് കസ്റ്റഡിയിലുള്ളൂ എന്ന് സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വ്യോമസേനാ വക്താവ് ചൂണ്ടിക്കാട്ടി. അഭിനന്ദന്‍ വര്‍ദ്ധനെ തിരിച്ചയക്കും എന്ന പാകിസ്ഥാന്‍റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെ കശ്മീരിലെ നാലിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് കരസേനാവക്താവ് പറഞ്ഞു. പോയ രണ്ട് ദിവസത്തിനിടെ 35 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. ശക്തമായ രീതിയില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തലിനോട് സൈന്യം പ്രതികരിക്കുന്നുണ്ടെന്നും പറഞ്ഞ മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഏതൊരു ആക്രമണത്തേയും പ്രകോപനത്തേയും അതേ നാണയത്തില്‍ തന്നെ കരസേന നേരിടുമെന്നും വ്യക്തമാക്കി. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതും സ്ഥിതിഗതികള്‍ വഷളാക്കുന്നതും പാകിസ്ഥാന്‍രെ നിലപാട് പോലിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സംഘര്‍ഷത്തിന്‍റെ അടിസ്ഥാനത്തില്‍ സമുദ്രമേഖലകളില്‍ ശക്തമായ നിരീക്ഷണവും ജാഗ്രതയും പുലര്‍ത്തി വരികയാണെന്ന് നാവികസേന വക്താവ് റിയര്‍ അഡ്മിറല്‍ ഡി.എസ്.ഗുജറാള്‍ അറിയിച്ചു. പാകിസ്ഥാനില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടാക്കുന്ന പക്ഷം കര്‍ശനമായി നേരിട്ടും രാജ്യത്തേയും അതിലെ പൗരന്‍മാരേയും സംരക്ഷിക്കാനുള്ള ശേഷി നാവികസേനയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിന് ശേഷം രജൗരി സെക്ടറിലെ കിഴക്കന്‍ ഭാഗത്തു നിന്നും ഇന്ത്യ വെടിവെച്ചിട്ട എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam