'പ്രധാനമന്ത്രിയാണ് സൈന്യാധിപൻ, ജനങ്ങൾ സൈനികരും'; മോദിയെ പിന്തുണച്ച്, പത്ത് നിർദ്ദേശങ്ങളുമായി പി ചിദംബരം

By Web TeamFirst Published Mar 26, 2020, 12:09 PM IST
Highlights

കൊവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയാണ് സൈന്യാധിപൻ എന്നും ജനങ്ങളാണ് അദ്ദേഹത്തിന്റെ സൈനികരെന്നുമായിരുന്നു ചിദംബരത്തിന്റെ വാക്കുകൾ. 

ദില്ലി: രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ സ്വാ​ഗതം ചെയ്ത് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി. ചിദംബരം.  വാട്ടർഷെഡ് മൂവ്മെന്റ് എന്നാണ് ലോക്ക് ‍ഡൗണിനെ ചിദംബരം വിശേഷിപ്പിച്ചത്. കൊവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയാണ് സൈന്യാധിപൻ എന്നും ജനങ്ങളാണ് അദ്ദേഹത്തിന്റെ സൈനികരെന്നുമായിരുന്നു ചിദംബരത്തിന്റെ വാക്കുകൾ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പത്ത് മാർ​ഗ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.

പാവപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുക്കണമെന്നും ഏപ്രിൽ 1 മുതൽ എല്ലാ അവശ്യവസ്തുക്കളുടെയും നികുതി വെട്ടിക്കുറയ്ക്കണമെന്നും ചിദംബരം നിർദ്ദേശിച്ചു. 'കൊവിഡ് 19 ന് എതിരായ പോരാട്ടത്തിന്റെ സുപ്രധാന നിമിഷങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ. ഇതൊരു പുതിയ തുടക്കമെന്ന് വേണം കരുതാൻ. പ്രധാനമന്ത്രിയാണ് സൈന്യാധിപൻ, ജനങ്ങൾ അദ്ദേഹത്തിന്റെ സൈനികരും' ചിദംബരം പറഞ്ഞു. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ആവശ്യമായ പിന്തുണ നൽകേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് നൽകുന്ന തുക ഇരട്ടിയാക്കണം. പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും ലഭ്യമാക്കാന്‍ വേണ്ട സംവിധാനം ഒരുക്കണം. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണം. അധിക തുക എത്രയും പെട്ടെന്ന് ഇവരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുകയും കുടികിടപ്പുകാരായ കര്‍ഷകര്‍ക്ക് 12000 രൂപ രണ്ടു ഘട്ടമായി നല്‍കുകയും ചെയ്യണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ മൂവായിരം രൂപ നിക്ഷേപിക്കണം. അതുപോലെ തന്നെ നഗരങ്ങളിലെ അന്തേവാസികളായ പാവപ്പെട്ടരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നൽകണം. കൂടാതെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരിയോ ഗോതമ്പോ പൊതുവിതരണ സമ്പ്രദായത്തിലൂടെ തീർത്തും സൗജന്യമായി നല്‍കുകയും വാർഡുകളിലും ബ്ലോക്കുകളിലും സർക്കാർ രജിസ്റ്റർ ആരംഭിക്കുകയും ചെയ്യണം.

തെരുവില്‍ താമസിക്കുന്നവരും നിരാലംബരുമായവർക്ക് പരിശോധനകള്‍ക്ക് ശേഷം അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നൽകി അതിലേക്ക് 3000 രൂപ നിക്ഷേപിക്കണം. തൊഴിലാളികൾക്ക് നിലവിലെ തൊഴിൽ‌ സാഹചര്യങ്ങളും വേതനവും നിലനിർത്താൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകണം എന്നിവയാണ് ചിദംബരം മുന്നോട്ടു വച്ച പ്രധാന നിര്‍ദേശങ്ങള്‍.
 

click me!