
ലഖ്നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് വിവാഹ നടപടികൾ വീഡിയോ കോളിലൂടെ പൂർത്തീകരിച്ചത്. ആപ്പിളിന്‍റെ വീഡിയോ കോളിംഗ് ആപ്പായ ഫേസ് ടൈമിലൂടെയാണ് മെഹ്ജാബിയും ഹമീദും വിവാഹിതരായത്.
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം വീഡിയോ കോളിലൂടെ നടത്താൻ വധൂവരന്മാരുടെ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വിവാഹ വേഷത്തിൽ തന്നെയാണ് മെഹ്ജാബിയും ഹമീദും അണിഞ്ഞൊരുങ്ങിയിരുന്നത്. ഇരുവരുടെയും വീടുകൾ തമ്മിൽ ഏകദേശം 15 കിലോമീറ്റർ അകലമുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ കോളിലൂടെ പുരോഹിതൻ മതപരമായ ചടങ്ങുകൾ നടത്തുകയും ശേഷം ഇരുവരുടെയും വീട്ടിൽ ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ലോക്ക് ഡൗൺ പിൻവലികകുമ്പോൾ ഭാര്യയെ വീട്ടിൽ കൊണ്ടുവരുമെന്നും അതിന് ശേഷം വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും ഹമീദ് പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് വിവാഹ ആഘോഷങ്ങൾ നിർത്തിവയ്ക്കണമെന്ന് സർക്കാരുകൾ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിവാഹങ്ങൾ വീഡിയോ കോളിലൂടെ നടത്തിയത്. കഴിഞ്ഞ ദിവസം ബിഹാറിലും ഇത്തരത്തിൽ വിവാഹം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam