
ദില്ലി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി നിൽക്കുന്നയാളാണ് മോഹൻലാൽ. മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് (ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam