
ദില്ലി: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഥാർ മരുഭൂമിയിൽ ഇന്ത്യൻ കരസേനയുടെ ശക്തിപ്രകടനം. കരസേനയുടെ സപ്ത ശക്തി കമാൻഡിന്റെ നേതൃത്വത്തിൽ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള സംയുക്ത സൈനികാഭ്യാസം നടന്നു. രാത്രിയും പകലുമായി നീണ്ടുനിന്ന പരിശീലനത്തിൽ ടാങ്കുകളും പീരങ്കികളും ഉൾപ്പെടെയുള്ള സർവ സന്നാഹങ്ങളും അണിനിരന്നു. ‘അമോഘ് ഫ്യൂറി’ എന്ന് പേരിട്ട ഈ ഉന്നത നിലവാരത്തിലുള്ള സൈനികാഭ്യാസം, വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ച് സംയുക്തമായ യുദ്ധമുറകൾ നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെയാണ് പ്രദർശിപ്പിക്കുന്നതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.
യഥാർത്ഥ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള നമ്മുടെ പോരാട്ടവീര്യവും ഏകോപനവും പ്രവർത്തന മികവും പരീക്ഷിക്കുകയായിരുന്നു ‘അമോഘ് ഫ്യൂറി’യുടെ ലക്ഷ്യം. യുദ്ധ ടാങ്കുകൾ, കാലാൾപ്പട വാഹനങ്ങൾ, അറ്റാക്ക് ഹെലികോപ്റ്ററുകൾ, ദീർഘദൂര ആർട്ടിലറി, ഡ്രോണുകൾ തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകൾ ഈ അഭ്യാസത്തിൽ പങ്കെടുത്തുവെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെറ്റ്‌വർക്ക് കേന്ദ്രീകൃതമായ ആശയവിനിമയം, തത്സമയ നിരീക്ഷണം, നൂതന കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും പരിശീലനത്തിൽ ഉപയോഗിച്ചു. സൈനികാഭ്യാസത്തിൽ സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം, പ്രവർത്തന മികവ്, സാങ്കേതിക വിദ്യകളുടെ സംയോജനം എന്നിവയ്ക്ക് സൈന്യം ഊന്നൽ നൽകി.
പാകിസ്ഥാൻ ആർട്ടിലറിയും ഡ്രോണുകളും ഉപയോഗിച്ച് ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിലെ പ്രതിരോധ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഈ സൈനികാഭ്യാസം നടന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സുരക്ഷാ സേന എല്ലാ ഭീഷണികളെയും വിജയകരമായി തടഞ്ഞ് നിർവീര്യമാക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam