മഹാ കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭക്തർക്ക് തൽക്ഷണം ലഭിക്കാൻ 'കുംഭ് സഹായക്' ചാറ്റ്ബോട്ട് സഹായിക്കും.
പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്ക് മുന്നോടിയായി എഐ ചാറ്റ്ബോട്ട് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ കരുത്തേകുന്ന ചാറ്റ്ബോട്ടിന് 'കുംഭ് സഹായക്' (Kumbh SahaAIyak) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിലുടനീളവും വിദേശത്തുനിന്നും മഹാ കുംഭമേളയ്ക്ക് എത്തുന്നവരുടെ യാത്ര ലളിതമാക്കുക, മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാറ്റ്ബോട്ട് ലോഞ്ച് ചെയ്തിരിക്കുന്നത്.
മഹാ കുംഭമേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭക്തർക്ക് തൽക്ഷണം ലഭിക്കാൻ ചാറ്റ്ബോട്ട് സഹായിക്കും. 11 ഭാഷകളിൽ ചാറ്റ്ബോട്ടുമായി സംവദിക്കാം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, ബംഗാളി, ഉറുദു ഭാഷകളാണ് ഉണ്ടാകുക. നാവിഗേഷൻ, പാർക്കിംഗ്, താമസം തുടങ്ങിയവയുടെ വിശദാംശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ സന്ദർശകർക്ക് ചാറ്റ്ബോട്ടിലൂടെ ലഭ്യമാകും. ഇത് മൊബൈൽ ഫോണുകളിൽ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. വോയ്‌സ് അല്ലെങ്കിൽ ടെക്‌സ്‌റ്റ് വഴി ചോദ്യങ്ങൾ ചോദിക്കാനും ഇഷ്ടമുള്ള ഭാഷയിൽ ഉത്തരങ്ങൾ ലഭിക്കാനും ചാറ്റ്ബോട്ട് സഹായിക്കും.
പ്രധാന തീയതികൾക്കൊപ്പം മഹാ കുംഭമേളയുടെ ചരിത്രപരവും സാംസ്കാരികവും മതപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ചാറ്റ്ബോട്ട് നൽകും. കൂടാതെ, ആത്മീയ ഗുരുക്കന്മാരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും ചാറ്റ്ബോട്ട് വഴി ലഭ്യമാകും. സന്ദർശകർക്ക് കുംഭമേളയുമായി ബന്ധപ്പെട്ട അവരുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും സാധിക്കുമെന്നതാണ് സവിശേഷത.
അതേസമയം, മഹാ കുംഭമേളയ്ക്ക് മുന്നോടിയായി പ്രയാഗ്‌രാജിൽ 5,500 കോടി രൂപയുടെ 167 പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രയാഗ്‌രാജിലെ മഹാ കുംഭമേള ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ‘ഐക്യത്തിൻ്റെ യാഗ’മാണ് മഹാ കുംഭമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മഹാ കുംഭമേളയിലെ പുണ്യസ്നാനം കോടിക്കണക്കിന് തീർഥാടന സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേർത്തു.