
ദില്ലി: 2014ൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ വാഡ്നഗർ സന്ദർശനത്തിന് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഡ്നഗർ സന്ദർശിക്കാനുള്ള ഷി ജിൻപിങ്ങിൻ്റെ ആഗ്രഹം 1,400 വർഷം പഴക്കമുള്ള ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലായിരുന്നു പ്രധാനമന്ത്രിയുടെ രസകരമായ വെളിപ്പെടുത്തൽ.
ഷി ജിൻപിങ്ങ് വാഡ്നഗറിലേയ്ക്ക് എത്താൻ കാരണക്കാരനായത് ഗുജറാത്തിലെ വാഡ്‌നഗറിൽ താമസിച്ചിരുന്ന ഇതിഹാസ ചൈനീസ് തത്ത്വചിന്തകനായ ഹ്യൂൻ സാങ് എന്നറിയപ്പെടുന്ന ഷുവാൻസാങ്ങാണ്. വാഡ്നഗറുമായി തനിയ്ക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും അതിനാൽ ഗുജറാത്ത് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ഷി ജിൻപിങ്ങ് പറഞ്ഞതായി നരേന്ദ്ര മോദി വെളിപ്പെടുത്തി. ഇന്ത്യയിൽ വരണമെന്നും ഗുജറാത്ത് സന്ദർശിക്കണമെന്നും ഷി ജിൻപിങ്ങ് പറഞ്ഞു. ഷുവാൻസാങ്ങ് വാഡ്‌നഗറിൽ താമസിച്ചിരുന്നതായും ചൈനയിലേക്ക് മടങ്ങിയ ശേഷം തൻ്റെ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചതെന്നും ഷി ജിൻപിങ്ങ് പറഞ്ഞിരുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു.
2014ൽ നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തിലാണ് ഷി ജിൻപിങ്ങ് ഗുജറാത്ത് സന്ദർശിച്ചത്. സന്ദർശന വേളയിൽ, ഷുവാൻസാങ്ങിൻ്റെ കാലം മുതൽ ബുദ്ധമതവുമായി വാഡ്നഗറിനുള്ള ബന്ധം എടുത്തുകാട്ടുന്ന ഒരു ഫോട്ടോ ഗാലറി സന്ദർശിക്കാൻ ഷി ജിൻപിങ്ങിന് അവസരമൊരുക്കിയിരുന്നു. ഒരുകാലത്ത് 10 ബുദ്ധവിഹാരങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നുവെന്ന് ഷുവാൻസാങ്ങ് എഴുതിയിരുന്നു. പിൽക്കാലത്ത് ഇക്കാര്യം സ്ഥിരീകരിക്കുന്ന നിരവധി തെളിവുകൾ പുരാവസ്തു ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ചരിത്രരേഖകൾ അനുസരിച്ച് ഷുവാൻസാങ്ങിൻ്റെ സന്ദർശന വേളയിൽ ഹർഷവർദ്ധനനാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. ഷുവാൻസാങ്ങ് അദ്ദേഹത്തിൻ്റെ കൊട്ടാരം സന്ദർശിക്കുകയും ചെയ്തിരുന്നുവെന്നാണ് ചരിത്ര രേഖകൾ പറയുന്നത്.
READ MORE: 'തെറ്റുകൾ സംഭവിക്കാം...ദൈവമല്ല, ഞാനും മനുഷ്യനാണ്'; പോഡ്കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി