
ദില്ലി: ജാതിയുടെയും പ്രാദേശിക വാദത്തിന്‍റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ തുരത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതി സെൻസസ് ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് മോദിയുടെ വിമർശനം. ഇന്ത്യയില്‍ ആയുധങ്ങള്‍ ആരാധിക്കുന്നത് ഒരു ഭൂമിയിലും ആധിപത്യം സ്ഥാപിക്കാനല്ല, പകരം സ്വന്തം രാജ്യത്തെ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ പൂജ രാജ്യത്തിന് മാത്രമല്ല ലോക സൗഖ്യത്തിനും കൂടി വേണ്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമക്ഷേത്രം മാസങ്ങൾക്കുള്ളിൽ പൂര്‍ത്തിയാക്കുമെന്നും ദില്ലിയിലെ ദസറ ആഘോഷപരിപാടിയിൽ മോദി പറഞ്ഞു.
അതേസമയം, രാജ്യത്തുടനീളം ജാതി സെൻസസിനായി സമ്മർദ്ദം ചെലുത്താൻ തയ്യാറെടുക്കുകയാണ് എൻഡിഎ സഖ്യകക്ഷിയായ അപ്നദളും. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അപ്നാദൾ സോനെലാൽ നേതൃയോഗം ഇക്കാര്യത്തിൽ ധാരണയിലെത്തി. അയോധ്യയിൽ അടുത്ത മാസം നാലിന് സ്ഥാപകദിന സമ്മേളനത്തിൽ പ്രമേയം പാസ്സാക്കാനാണ് ധാരണയെന്ന് പാർട്ടി നേതാക്കൾ സൂചിപ്പിച്ചു. യുപിയിലെ പിന്നാക്ക കുർമി വിഭാഗത്തിനിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് അപ്നദൾ. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ ജാതി സെൻസസ് നടത്തുമെന്ന വാഗ്ദാനം മുന്നോട്ടു വച്ചിരുന്നു. മഹാരാഷ്ട്രയിൽ ജാതിസെൻസസ് നടത്തണമെന്ന മറാത്താ വിഭാഗത്തിൻറെ ആവശ്യത്തോട് യോജിപ്പാണെന്ന് ദേവേന്ദ്ര ഭട്നാവിസും അജിത് പവാറും പ്രതികരിച്ചു. എൻഡിയയിലെ സഖ്യകക്ഷികൾ കൂടി ജാതിസെൻസസിനായി രംഗത്ത് വരുന്നത് ബിജെപി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam