സിബിഎസ്ഇ പരീക്ഷ; കുറ്റമറ്റ രീതിയില്‍ മാര്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി, വിദ്യാര്‍ത്ഥികളുമായി സംവദിച്ചു

By Web TeamFirst Published Jun 3, 2021, 6:42 PM IST
Highlights

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെ പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനം എങ്ങനെ എന്ന ചോദ്യമാണ് അടുത്തതായി ഉയരുന്നത്. മേയ് മാസത്തില്‍ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ നടപടി തുടങ്ങാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് കുറ്റമറ്റ രീതിയിൽ നല്‍കുമെന്ന് പ്രധാനമന്ത്രി. വിദ്യാർത്ഥികളുമായും അദ്ധ്യാപകരമായും ഇന്ന് നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ആശങ്ക അകറ്റാൻ ശ്രമിച്ചത്. സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിന് ശേഷം ഇന്ന് പെട്ടെന്ന് എടുത്ത തീരുമാന പ്രകാരമാണ് പ്രധാനമന്ത്രി ചില വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംസാരിച്ചത്. പരീക്ഷ റദ്ദാക്കിയതിൽ ആശ്വാസമാണ് കൂടുതൽ പേർ പ്രകടിപ്പിച്ചത്. എന്നാൽ മാർക്ക് നിർണ്ണയം എങ്ങനെ എന്ന ആശങ്ക ഉയർന്നു. കുറ്റമറ്റ മാർഗ്ഗനിർദ്ദേശം തയ്യാറാക്കും എന്ന ഉറപ്പാണ് നരേന്ദ്ര മോദി നല്‍കിയത്. 

ഇതിനിടെ സിബിഎസ്ഇ പരീക്ഷയിൽ കേന്ദ്ര തീരുമാനത്തോട് ഇന്ന് സുപ്രീംകോടതി യോജിച്ചു. ജസ്റ്റിസുമാരായ എഎം ഖാൻവില്‍ക്കാര്‍, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബഞ്ച് തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് ഹർജി നല്‍കിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.തല്‍ക്കാലം സംസ്ഥാന ബോ‍ർഡുകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. യുപി ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾ സംസ്ഥാന ബോർഡ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചു. മൂന്നു വർഷത്തെ ശരാശരിയെക്കാൾ ഈ വർഷത്തെ ഇതുവരെയുള്ള മാർക്ക് മാത്രം പരിഗണിക്കുക എന്ന നിർദ്ദേശത്തിനാണ് സിബിഎസ്ഇ മുൻഗണന.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെ പ്രൊഫഷണൽ കോളേജുകളിലെ പ്രവേശനം എങ്ങനെ എന്ന ചോദ്യമാണ് അടുത്തതായി ഉയരുന്നത്. മേയ് മാസത്തില്‍ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ നടപടി തുടങ്ങാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. ഓഗസ്റ്റിൽ പരീക്ഷ നടത്താം എന്നതായിരുന്നു ധാരണ. എന്നാൽ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പരീക്ഷയ്ക്ക് സാഹചര്യമില്ല എന്നതാണ് സർക്കാരിന്‍റെ വിലയിരുത്തൽ. സെപ്റ്റംബറില്‍ ഇത് നടത്താനാകുമോ എന്ന ആലോചന യോഗത്തിൽ നടക്കും. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. മാറ്റി വച്ച രണ്ടുഘട്ട ജെഇഇ ടെസ്റ്റിന്‍റെ കാര്യത്തിലും തീരുമാനം എടുക്കണം. ഉന്നതതലത്തിൽ തന്നെ ഈ തീരുമാനങ്ങളും വരും എന്നാണ് സൂചന. 
 

 

click me!