പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Jan 9, 2023, 4:53 PM IST
Highlights

“പ്രവാസി ഭാരതീയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്, അവരുടെ പങ്ക് വളരെ വ്യത്യസ്തമാണ്. അടുത്ത 25 വർഷത്തെ അമൃത ദിവസങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചു, ഈ യാത്രയിൽ നമ്മുടെ പ്രവാസി ഭാരതീയർക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട്". പ്രധാനമന്ത്രി പറഞ്ഞു.

ഇൻഡോർ: പ്രവാസികളെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഇൻഡോറിൽ   ത്രിദിന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രവാസി ഭാരതീയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്, അവരുടെ പങ്ക് വളരെ വ്യത്യസ്തമാണ്. അടുത്ത 25 വർഷത്തെ അമൃത ദിവസങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചു, ഈ യാത്രയിൽ നമ്മുടെ പ്രവാസി ഭാരതീയർക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട്." പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള കഴിവ് മാത്രമല്ല ഉള്ളത്. നൈപുണ്യമുള്ള ഇടം കൂടിയാണ് അത്. നമ്മുടെ യുവാക്കൾക്ക് കഴിവുകളുണ്ട്, മൂല്യങ്ങളും സത്യസന്ധതയും ജോലിയോടുള്ള നിശ്ചയദാർഢ്യവുമുണ്ട്. നമ്മുടെ രാജ്യത്തിന്റെ നൈപുണ്യത്തിന് ലോകത്തിന്റെ തന്നെ വളർച്ചാസൂചികയാവാൻ കഴിയും. ഇപ്പോഴത്തെ ഇന്ത്യയെ ലോകം പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് നോക്കുന്നത്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദം മുഴങ്ങുന്നു. ഈ വർഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയരും ഇന്ത്യയാണ്. ഇത് ഒരു നയതന്ത്ര പരിപാടി മാത്രമാക്കാൻ  ആഗ്രഹിക്കുന്നില്ല, മറിച്ച് ജനങ്ങളുടെ പങ്കാളിത്തത്തിന്റെ ഒരു പരിപാടിയാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഞായറാഴ്ച പ്രവാസി ഭാരതീയ ദിവസ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. പരിപാടി  നാളെ അവസാനിക്കും. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പരിപാടിയിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ പ്രവാസികളെ രാഷ്ട്രപതി ആദരിക്കും. 70 രാജ്യങ്ങളിൽ നിന്നുള്ള 3500 പ്രവാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. കൊവിഡ് -19 കാരണം മുടങ്ങിയ പരിപാടി ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ നടത്തുന്നത്.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി,ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്‍റെ സഹായം തേടി

click me!