കൊവിഡ് ദൗത്യത്തില്‍ മരിക്കുന്ന സൈനികരെ വീരമൃത്യു വരിച്ചവരായി കണക്കാക്കാന്‍ തത്വത്തില്‍ തീരുമാനം, റിപ്പോര്‍ട്ട്

By Web TeamFirst Published Jul 21, 2020, 2:49 PM IST
Highlights

കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച സൈനികരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷമാകും ഇവരുടെ കുടുംബത്തിന് ധനസഹായം ബാങ്ക് വഴി വിതരണം ചെയ്യുകയെന്നാണ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട്

കൊവിഡ് ഡ്യൂട്ടിക്കിടെ മരണമടയുന്ന സൈനികരെ രാജ്യത്തിനായി വീരമൃത്യു വരിച്ചവരായി കണക്കാക്കാന്‍ തത്വത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. അവരുടെ കുടുംബാംഗങ്ങൾക്ക് 15 ലക്ഷം രൂപ സഹായമായി കേന്ദ്ര സർക്കാർ കൈമാറുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ സഹോദര സ്ഥാപനമായ ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച സേനകളുടെ നിര്‍ദ്ദേശത്തിന് കേന്ദ്രത്തിന്‍റേയും ആഭ്യന്തര മന്ത്രാലയത്തിന്‍റേയും തത്വത്തിലുള്ള അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച സൈനികരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷമാകും ഇവരുടെ കുടുംബത്തിന് ധനസഹായം ബാങ്ക് വഴി വിതരണം ചെയ്യുകയെന്നാണ് ഹിന്ദുസ്ഥാന്‍ വിശദമാക്കുന്നത്. സൈനികരുടെ ആശ്രിതര്‍ക്ക് നേരിട്ട് ബാങ്കുകളിലേക്കാവും സഹായമെത്തുക. 2017ല്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഭാരത് കേ വീര്‍ പദ്ധതിയില്‍ നിന്നാവും ധനസഹായം നല്‍കുക. ഇതിലേക്ക് ധനസഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കായി സര്‍ക്കാര്‍ വെബ് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. സൈനികരുടെ വിവരങ്ങള്‍ അടക്കമുള്ളതാണ് ഈ പോര്‍ട്ടല്‍. ഇത് വഴി സൈനികരുടെ ആശ്രിതര്‍ക്ക് നേരിട്ട് സംഭാവന എത്തിക്കാനാവും. 

2017ല്‍ പദ്ധതി രൂപീകരിച്ച സമയത്ത് ഭാരത് കേ വീര്‍ ഫണ്ടില്‍ 6.40 കോടി രൂപയാണ് ഉണ്ടായിരുന്നത്. 2018ല്‍ ഇത് 19.43 കോടിയായി വര്‍ധിച്ചിരുന്നു. 2019 പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഈ തുക 250 കോടി രൂപയായി വര്‍ധിച്ചിരുന്നു. 8113 സൈനികര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 4512 സൈനികര്‍ ഇതിനോടകം കൊവിഡ് മുക്തി നേടിയിട്ടുണ്ട്. 3562 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളതെന്നാണ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട്.  സിആര്‍പിഎഫില്‍ 15, ബിഎസ്എഫില്‍ 10. സിഐഎസ്എഫില്‍ 9, ഐടിബിപിയില്‍ 3, എസ്എസ്ബിയില്‍ 2 അടക്കം 39 സൈനികരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 

click me!