
ദില്ലി: മൂന്ന് പൊലീസുകാരുടെ സമീപത്തുനിന്ന് ജയിൽപ്പുള്ളിയായ ഭർത്താവിനെ പൊക്കി യുവതി. ഹരിയാന സ്വദേശിയാണ് പൊലീസിന്റെ മൂക്കിൻ തുമ്പിൽ നിന്ന് ഭർത്താവിനെ സ്കൂട്ടറിൽ കടത്തിയത്. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള വിചാരണത്തടവുകാരനെ കോടതി വിചാരണയ്ക്കായി ഹരിയാനയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. മൂന്ന് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. തടവുകാരനെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. തടവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാണാതായ തടവുകാരൻ ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഹോദൽ സ്വദേശിയായ അനിൽ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഹരിയാനയിലും ഉത്തർപ്രദേശിലുമായി ഇയാൾക്കെതിരെ കുറഞ്ഞത് എട്ട് കേസുകളെങ്കിലും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിൽ കേസുമായി ബന്ധപ്പെട്ട് മഥുര ജയിലിൽ കഴിയുകയായിരുന്നു അനിൽ. കൊലപാതകശ്രമക്കേസിൽ ഹരിയാനയിലെ കോടതിയിൽ വാദം കേൾക്കുന്നതിനായി കൊണ്ടുവന്നു. ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും ഉൾപ്പെടെ മൂന്നംഗ പൊലീസ് സംഘമാണ് അനിലിനെ കൊണ്ടുവന്നത്.
കോടതി നടപടികൾ പൂർത്തിയാക്കി അനിലിനെ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകുന്നതിനായി പൊലീസ് വാനിൽ കയറ്റി. ഡാബ്‌ചിക്കിലെ ദേശീയപാത 19 ന് സമീപത്തെത്തിയപ്പോൾ സ്കൂട്ടറിലെത്തിയ അനിലിന്റെ ഭാര്യ പൊലീസിന്റെ മൂക്കിൻ തുമ്പിൽ നിന്ന് അനിലിനെ കടത്തിക്കൊണ്ടുപോയി. ഇവരുടെ സ്കൂട്ടർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിനിമാ തിരക്കഥയെ വെല്ലും വിധമാണ് മൂന്ന് പൊലീസുകാരെ വിഡ്ഢികളാക്കി യുവതി ഭർത്താവിനെ കടത്തിയത്. ഇരുവരെയും എത്രയും പെട്ടെന്ന് പിടികൂടി നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam