ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച ജനറൽ നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ചു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞ പുസ്തകമാണ് ഇത്. ഇതിനിടെ ബിജെപി എംപി രവനീത് ബിട്ടുവുമായി രാഹുൽ വാക്പോരിലും ഏർപ്പെട്ടു

ദില്ലി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുൻ തലവൻ ജനറൽ എം എം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യു എസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയിൽ പ്രതിഷേധം അലയടിക്കാൻ കാരണമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്‍റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. ബഹളം കനത്തതോടെ ലോക്സഭ ഇടയ്ക്കിടെ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെ ജനറൽ നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നും രാഹുൽ വ്യക്തമാക്കി. ശേഷം നരവനെയുടെ പുസ്തകം ഉയർത്തിയായിരുന്നു രാഹുൽ ഗാന്ധി സഭയ്ക്ക് അകത്ത് കയറിയതും. ഇത് വായിക്കാൻ അനുവദിക്കണം എന്ന് രാഹുൽ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല. ഇതോടെ വീണ്ടും സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഒടുവിൽ രണ്ട് മണിവരെ ലോക്സഭ നിർത്തിവച്ചു.

YouTube video player

ബി ജെ പി എം പിയും രാഹുലും തമ്മിൽ വാക്പോര്

അതിനിടെ പാർലമെന്റ് കവാടത്തിന് പുറത്ത് ബി ജെ പി എം പി രവനീത് ബിട്ടവും രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോരും ഉണ്ടായി. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാർ സത്യാഗ്രഹം നടത്തുന്ന സ്ഥലത്തായിരുന്നു രാഹുൽ - ബിട്ടു വാക്പോര്. യുദ്ധം ജയിച്ച് വന്നതാണോയെന്ന് സമരം ചെയ്യുന്ന എം പിമാരെ ബിട്ടു പരിഹസിച്ചതാണ് തുടക്കം. ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചതോടെ പാർലമെന്‍റ് മകര കവാടത്തിൽ വാക്പോര് രൂക്ഷമായി. രാഹുൽ രാജ്യത്തിന്‍റെ ശത്രു എന്ന് ബിട്ടു അഭിപ്രായപ്പെട്ടെങ്കിലും മറ്റ് എം പിമാർ ഇടപെട്ടതോടെ രംഗം കൂടുതൽ വഷളായില്ല.

YouTube video player

നരവനെയുടെ പുസ്തകത്തിൽ പറയുന്നതെന്ത്?

2020 ഓഗസ്റ്റ് 31ന് വടക്കൻ മേഖല കമാൻഡറായിരുന്നു ലഫ്റ്റനൻറ് ജനറൽ യോഗേഷ് ജോഷിക്ക് രാത്രി ഏട്ടേ കാലിന് ഒരു സന്ദേശം കിട്ടുന്നു. ഗൽവാൻ സംഘർഷത്തിനു ശേഷം ഇന്ത്യ സൈനിക വിന്യാസം നടത്തിയ കൈലാഷ് മലനിരകളിലെ ഒരു കുന്നിനു നേരെ ചൈനീസ് ടാങ്കുകൾ നീങ്ങുന്നു എന്നായിരുന്നു സന്ദേശം. പാകിസ്ഥാൻ അതിർത്തിയാണെങ്കിൽ തിരികെ വെടിവയ്ക്കാൻ മേഖലയിലെ കമാൻഡർമാരുടെ അനുമതി മതി. എന്നാൽ ചൈനയായതിനാൽ ഉന്നതതല നിർദ്ദേശം വേണം. ഇതിനായി കരസേന മേധാവിയായിരുന്ന ജനറൽ എം എം നരവനെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിനെ ഒന്നിലധികം തവണ വിളിച്ചിട്ടും ഉത്തരവ് നൽകിയില്ല.അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെയും വിളിക്കാൻ ശ്രമിച്ചു. മണിക്കൂറുകൾ വൈകി രാത്രി പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ച ശേഷം രാജ് നാഥ് സിംഗ് സേനയ്ക്ക് ഉചിതമായത് തീരുമാനിക്കാം എന്ന് മറുപടി നൽകിയെന്നാണ് നരവനെയുടെ പുസ്തകത്തിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. 2024 ൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര സർക്കാർ തടഞ്ഞു എന്നാണ് ആരോപണം.