
ദില്ലി: പൊതുസ്ഥലത്ത് സ്ത്രീകളുടെ വീഡിയോ പകർത്തിയ കേസിൽ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ് അറസ്റ്റിൽ. ലൈറ്റർ ആകൃതിയിലുള്ള ഒരു ചെറിയ രഹസ്യ ക്യാമറ ഇയാളിൽ നിന്ന് കണ്ടെടുത്തു. ദില്ലിയിലാണ് സംഭവം. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് സ്വദേശിയായ 31-കാരൻ മോഹിത് പ്രിയദർശി ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 30ന് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലുള്ള കിഷൻഗഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താൻ കിഷൻഗഡ് ഗ്രാമത്തിലെ ശനി ബസാറിൽ നിൽക്കുമ്പോൾ ഒരു പുരുഷൻ ലൈറ്റർ ആകൃതിയിലുള്ള ക്യാമറ ഉപയോഗിച്ച് തന്‍റെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് 77/78 ബിഎൻഎസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്, പരാതി അന്വേഷിക്കാൻ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അജയ് കുമാർ യാദവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ദിവ്യ യാദവ്, ഹെഡ് കോൺസ്റ്റബിൾ യോഗേഷ്, എച്ച്സി ശ്യാം സുന്ദർ, കോൺസ്റ്റബിൾ മോഹൻ, കോൺസ്റ്റബിൾ വികാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ദില്ലി എസിപി മെൽവിൻ വർഗീസിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
അന്വേഷണത്തിനിടെ, സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. ലോക്കൽ ബീറ്റ് സ്റ്റാഫുകളെയും രഹസ്യവിവരം നൽകുന്നവരെയും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഒരു സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റാണ് മോഹിത് പ്രിയദർശി എന്നും, ഇയാൾ അവിവാഹിതനാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇയാളിൽ നിന്ന് ഒരു രഹസ്യ ക്യാമറ (ലൈറ്റർ ആകൃതിയിൽ) കണ്ടെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.