
ബെംഗളുരു: പാർലമെന്‍റിൽ അംബേദ്കറെ അപമാനിച്ച അമിത് ഷായും പ്രധാനമന്ത്രിയും ഭരണഘടനാ വിരുദ്ധരെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കർണാടകയിലെ ബെലഗാവിയിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' റാലിയിലാണ് പ്രിയങ്കയുടെ പ്രസ്താവന.
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കുകയാണ് ബിജെപി, ആർഎസ്എസ് അജണ്ട. സംവരണമടക്കം സാമൂഹ്യനീതി ഉറപ്പ് വരുത്തുന്ന മൂല്യങ്ങൾ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. ഭരണഘടന സംരക്ഷിക്കാൻ ജീവൻ നൽകാനും കോൺഗ്രസ് തയ്യാറാണെന്ന് പറഞ്ഞ പ്രിയങ്ക, ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല, സ്വാതന്ത്ര്യത്തിനായി പോരാടിയ പാരമ്പര്യമാണ് കോൺഗ്രസിന്‍റേത്. ഈ രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പാരമ്പര്യമാണത്. എത്ര കള്ളക്കേസിൽ പെടുത്തിയാലും കോൺഗ്രസ് ഭയപ്പെടില്ലെന്നും പ്രിയങ്ക പറഞ്ഞു.
ബെലഗാവിയിലെ സുവർണ വിധാന സൗധയ്ക്ക് മുന്നിൽ 25 അടി ഉയരമുള്ള ഗാന്ധി പ്രതിമ മല്ലികാർജുൻ ഖർഗെയും പ്രിയങ്കാ ഗാന്ധിയും ചേർന്ന് അനാച്ഛാദനം ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ നിര്യാണത്തെ തുടർന്ന് മാറ്റി വച്ച പരിപാടിയാണ് കോൺഗ്രസ് ഇന്ന് ബെലഗാവിയിൽ സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam