
ദില്ലി: ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് നിരാശാജനകമെന്നും നാണക്കേടാണെന്നും അവർ കുറ്റപ്പെടുത്തി.
ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടു. ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണിയിലാവുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ ഒരു നിലപാട് സ്വീകരിക്കുന്നില്ല. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിൻ്റെ മൂല്യങ്ങളും എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണ് ഇത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. അതേസമയം ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.
അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തം വളരെ വലുതാണ്. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട നിമിഷമാണിത്. എന്നാൽ അപകടത്തിന് കാരണമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. അക്കാര്യം കൃത്യമായി അന്വേഷിക്കണം. അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam