Latest Videos

പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ തടഞ്ഞ് യുപി പൊലീസ്

By Web TeamFirst Published Oct 20, 2021, 5:03 PM IST
Highlights

പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ എവിടെപ്പോയാലും യുപി പൊലീസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ (Uttarpradesh) കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ (Priyanka Gandhi) പൊലീസ് (UP Police) വീണ്ടും തടഞ്ഞു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് പൊലീസ് പ്രിയങ്കയെ തടഞ്ഞുനിര്‍ത്തുന്നത്. ആഗ്രയില്‍ (Agra) പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയായിരുന്നു പ്രിയങ്ക. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടഞ്ഞു. 

തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. താന്‍ എവിടെപ്പോയാലും യുപി പൊലീസ് തടയുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. താന്‍ വീട്ടിലും ഓഫിസിലും അല്ലാതെ എവിടെ പോയാലും യുപി പൊലീസിന്റെ തമാശ തുടങ്ങുമെന്ന് പ്രിയങ്ക പറഞ്ഞു. എന്തൊക്കെയായാലും താന്‍ ആ കുടുംബത്തെ കാണും. തന്നെ തടയുന്നത് ജനങ്ങളെ ബാധിക്കുമെന്ന് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു. എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തന്റെ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

അരുണ്‍ വാല്‍മീകി എന്ന യുവാവാണ് ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ക്രമസമാധാന നിലയുമായി ബന്ധപ്പെട്ടാണ് പ്രിയങ്കയെ തടയാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ''അരുണ്‍ വാല്‍മീകിയുടെ കുടുംബം നീതി ആവശ്യപ്പെട്ടിരിക്കുകയാണ്. എനിക്ക് ആ കുടുംബത്തെ കാണണം. എന്തിനാണ് യുപി സര്‍ക്കാര്‍ ഇത്ര ഭയപ്പെടുന്നത്. എന്തുകൊണ്ട് എന്നെ തടയുന്നു. വാല്‍മീകി ജയന്തിയാണ് ഇന്ന്. പ്രധാനമന്ത്രി ബുദ്ധനെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആശയങ്ങളെ ആക്രമിക്കുന്നു''- പ്രിയങ്ക ട്വീറ്റ് ചെയ്തു. 

ചോദ്യം ചെയ്യലിനിടെ ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാവ് മരിക്കുകയായിരുന്നെന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ക്ലീനിങ് ജോലിക്കാരനായിരുന്ന യുവാവിനെ പണം മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

click me!