
മുസഫർനഗര്‍: വേദനയുടെ ഈ മണിക്കൂറികളില്‍ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുസഫർനഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റ പേരിൽ ഇരകളായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി. ഇന്ന് രാവിലെയാണ് പ്രിയങ്ക ഗാന്ധി രഹസ്യമായി മുസഫർനഗറിലെത്തിയത്. പൊലീസ് ക്രൂരമായി മര്‍ദിച്ച റുഖിയ പർവീണുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.
ഡിസംബർ 20-21 രാത്രിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് റുഖിയയ്ക്ക് പൊലീസുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇവരുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നൂര്‍ മുഹമ്മദിന്‍റെ കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്ത മൗലാനാ ആസാദ് ഹുസൈനിയേയും പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥികളേയും പ്രിയങ്ക സന്ദര്‍ശിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെപ്പോലും കാരണം കൂടാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. ചിലര്‍ മോചിതരായി മറ്റ് ചിലര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ ആണെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. സന്ദർശനത്തിന് ശേഷം പ്രിയങ്ക ഇന്ന് മീററ്റിലേക്ക് പോകും. അവിടെ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായവരുടെ കുടുംബത്തെയും പ്രിയങ്ക സന്ദർശിക്കും.
നേരത്തെ ഡിസംബർ 24ന് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇരകളുടെ കുടുംബത്തെ സന്ദർശിക്കാൻ മീററ്റിലേക്ക് പോയിരുന്നെങ്കിലും പാർത്തപൂറിൽ വച്ച് ഇവരെ പൊലീസ് തടഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാജ്ഞയാണ് എന്ന് വിശദമാക്കിയായിരുന്നു തടഞ്ഞത്. പൊലീസിന്‍റെ കണക്കുകള്‍ അനുസരിച്ച് ഇതിനോടകം 19 പേരാണ് സംസ്ഥാനത്ത് പ്രതിഷേധ പ്രകടനം അക്രമാസക്തമായപ്പോള്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam