മന്ത്രിയുടെ രാജി വരെ സമരം, മോദിയുടെ മൗനം ചോദ്യംചെയ്തും പ്രിയങ്ക; യുപി പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ ഇന്നെത്തും

Web Desk   | Asianet News
Published : Oct 06, 2021, 12:31 AM IST
മന്ത്രിയുടെ രാജി വരെ സമരം, മോദിയുടെ മൗനം ചോദ്യംചെയ്തും പ്രിയങ്ക; യുപി പൊലീസിനെ വെല്ലുവിളിച്ച് രാഹുൽ ഇന്നെത്തും

Synopsis

വിവാദത്തിലായ കേന്ദ്ര സഹമന്ത്രി രാജിവയ്ക്കും വരെ സീതാപൂരിലെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി  

ദില്ലി: ലഖിംപുർ ഖേരിയിൽ (Lakhimpur Kheri) വാഹനം കയറി കർഷകർ മരിച്ച സംഭവത്തിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നിലപാട് കടുപ്പിച്ചു. വിവാദത്തിലായ കേന്ദ്ര സഹമന്ത്രി രാജിവയ്ക്കും വരെ സീതാപൂരിലെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വെല്ലുവിളികൾ അതിജീവിച്ച് പ്രതിഷേധം തുടരുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി വ്യക്തമാക്കി. തന്‍റെ മോചനത്തിനായി പ്രതിഷേധിക്കുന്ന പ്രവർത്തകരെ ഫോണിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്.

അതേസമയം യു പി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ലഖിൻപുർ ഖേരിയിലും ,ലക്നൗവിലും നിലനിൽക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദർശനനാനുമതി യുപി സർക്കാർ തള്ളിയത്. രാവിലെ പത്ത് മണിക്ക് ദില്ലിയിൽ മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ രാഹുൽ നിലപാട് പ്രഖ്യാപിക്കും.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ലഖിംപുർ ഖേരിയിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എ ഐ സി സി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.

അതേ സമയം പ്രിയങ്ക ഗാന്ധി സീതാ പുരിലെ പോലീസ് കേന്ദ്രത്തിൽ തുടരുകയാണ്. പ്രിയങ്കയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കർഷകർക്കിടയിലേക്ക് വാഹനം കയറുന്ന ദൃശ്യങ്ങൾ ആയുധമാക്കിയ പ്രിയങ്ക ഗാന്ധി(Priyanka Gandhi), പ്രധാനമന്ത്രി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കെതിരെയും (Ajay Mishra) പൊലീസ് എഫ്ഐആർ ഇട്ടിട്ടുണ്ട്. വെടിയേറ്റില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ഒരു കർഷകൻറെ കുടുംബം വ്യക്തമാക്കി. പ്രതിഷേധിച്ച് മുന്നോട്ടു പോകുന്ന കർഷകർക്കിയിലേക്ക് ഒരു ജീപ്പും മറ്റൊരു വാഹനവും ഇടിച്ചു കയറ്റുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. വാഹനം നിറുത്തി ഒരാൾ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിനു നേരെ ഈ സ്ഥലത്ത് അക്രമം ഇല്ലെന്നതാണ് പ്രിയങ്ക അടക്കമുള്ളവ‍ർ ചൂണ്ടിക്കാട്ടുന്നത്. ദൃശ്യങ്ങൾ ആയുധമാക്കുകയാണ് പ്രതിപക്ഷം.

ലക്നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്നാണ് ഇന്നലെ പ്രിയങ്ക ഗാന്ധി ചോദിച്ചത്. മോദിജി ഈ വിഡിയോ കണ്ടോ. താങ്കളുടെ മന്ത്രിസഭയിലെ ഒരംഗത്തിൻറെ മകൻ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്‍റെ ദൃശ്യമാണിത്.ൃ എന്തുകൊണ്ടാണ് ഇതുവരെ ഈ മന്ത്രിയെ താങ്കളുടെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത്? എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

 തന്റെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവർക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

അതിനിടെ പ്രിയങ്കയെ കാണാനായി ലക്നൗവിലെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞു വച്ചതും നാടകീയ സംഭവങ്ങൾക്കിടയാക്കി. വിമാനത്താവളത്തിൽ കുത്തിയിരുന്ന ഭൂപേഷ് ബാഗെൽ വിർച്ച്വൽ വാർത്താസമ്മേളനം നടത്തി. ബിജെപി നേതാവ് വരുൺഗാന്ധിയും വാഹനം ഇടിച്ചു കയറുന്നതിൻറെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ആരെയും നടുക്കുന്ന കാഴ്ചയെന്ന് കുറിച്ച് വരുൺ ഗാന്ധി അതൃപ്തി പ്രകടമാക്കി.

അതിനിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയ്ക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. എൻറെ മകൻ അവിടെ ഇല്ലായിരുന്നു എന്ന കാര്യം ഇപ്പോൾ വ്യക്തമായിട്ടുണ്ട് എന്നാണ് അജയ് മിശ്ര ഇതിനോട് പ്രതികരിച്ചത്. മരിച്ച കർഷകർക്ക് ആർക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ മരിച്ച ഗുർവിന്ദർ സിംഗിൻറെ കുടുംബം റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത് സ‍ർക്കാർ അംഗീകരിച്ചു. കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യം ജില്ലാ ഭരണക്കൂടം അംഗീകരിക്കുകയായിരുന്നു. ഗുർവീന്ദർ സിംഗിന് വെടിയേറ്റുവെന്ന് ആരോപണമുയർന്നിരുന്നു. രണ്ട് കർഷകരുടെ മൃതദേഹം സംസ്ക്കരിച്ചതായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.  കർഷകർ എന്ന പേരിൽ അക്രമം നടത്തിയത് ഖാലിസ്ഥാനി തീവ്രവാദികൾ എന്ന വാദം ആവർത്തിക്കുകയാണ് ബിജെപി. എന്നാൽ സംഭവം കൈകാര്യം ചെയ്ത രീതിയിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി പുകയുകയുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്