
ദില്ലി: യൂണിസെഫിന്റെ(Uunicef) - "ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ചിൽഡ്രൻസ് 2021 റിപ്പോർട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ(Mansukh Mandaviya) പ്രകാശനം ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യത്തിൽ കൊവിഡ് -19 (Covid 19) മഹാമാരി ഉണ്ടാക്കിയ സ്വാധീനം റിപ്പോർട്ട് വിശദീകരിക്കുന്നു. "മാനസികാരോഗ്യം പ്രധാനപ്പെട്ട ഒന്നാണെന്നും നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ സമഗ്ര ആരോഗ്യത്തിനും സമ്പൂർണ്ണ ക്ഷേമത്തിനുമാണ് ഊന്നൽ നൽകുമ്പോൾ, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണ്ഡവ്യ പറഞ്ഞു.
ഗ്രാമീണ-കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള സ്വന്തം കൂട്ടുകുടുംബത്തിനുള്ളില്‍ ഉണ്ടായ ഒരു ഉദാഹരണം തൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാതാപിതാക്കൾ ശ്രദ്ധിക്കാത്ത ചില സാഹചര്യങ്ങളിൽ, കുട്ടികൾക്കും കൗമാരക്കാർക്കും വൈകാരികമായ വിഷമഘട്ടങ്ങളിൽ തുറന്ന് സംസാരിക്കാനും മാർഗനിർദേശം തേടാനും നിരവധി പേർ കൂട്ടുകുടുംബങ്ങളിൽ ഉള്ളത് അവസരം ആണ്. അണുകുടുംബങ്ങളുടെ സംസ്കാരം കുട്ടികളിൽ അന്യഥാത്വം വർദ്ധിക്കുന്നതിനും അതിലൂടെ മാനസിക വിഷമത്തിന് കാരണമാകുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“കൊവിഡ് -19 സമൂഹത്തിലുടനീളം മാനസിക സമ്മർദ്ദത്തിന്റെ പരീക്ഷണമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി എടുത്തുപറഞ്ഞു. കൊവിഡ് 19 ന്റെ രണ്ടാമത്തെ തരംഗത്തിൽ ഫാർമസ്യൂട്ടിക്കൽസ് മന്ത്രിയായിരുന്ന തന്റെ വ്യക്തിപരമായ അനുഭവം അദ്ദേഹം വിവരിച്ചു. മരുന്നുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും വേണം. അക്കാലത്ത് അനുദിനം വർദ്ധിച്ചു കൊണ്ടിരുന്ന പ്രതിസന്ധിക്ക് ഇടയിൽ അത്തരം ജോലി വളരെ സമ്മർദ്ദത്തിലാഴ്ത്തിയരുന്നു. യോഗയും വ്യായാമങ്ങളും, സൈക്ലിംങ്ങും സമ്മർദ്ദത്തെ മറികടക്കാൻ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി,
ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു . മാതാപിതാക്കൾക്കും കുടുംബത്തിനും ഒപ്പം മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്കാളികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം. പരീക്ഷ എഴുതുന്ന കൗമാരക്കാരുമായുള്ള പ്രധാനമന്ത്രിയുടെ 'പരീക്ഷ പേ ചർച്ച' വിദ്യാർത്ഥികളെ അവരുടെ പരീക്ഷപ്പേടി യിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കും. പരീക്ഷകളും മറ്റ് പ്രശ്നങ്ങളും കാരണം സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളിൽ ഇത്തരം ചെറിയ ശ്രമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മനത്രി പറഞ്ഞു.
മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ സാമൂഹിക ധാരണകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. നിരവധി പ്രശസ്ത സ്കൂളുകളിൽ മുഴുവൻ സമയ വിദ്യാർത്ഥി-കൗൺസിലർമാരുടെ അഭാവവും അദ്ദേഹം ചൂണ്ടി കാണിച്ചു. യുണിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹക്ക് റിപ്പോർട്ടിലെ ചില പ്രധാന കണ്ടെത്തലുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ 15 മുതൽ 24 വയസ്സുവരെയുള്ളവരിൽ 14 ശതമാനം പേർ അല്ലെങ്കിൽ 7 ൽ ഒരാള്‍ പലപ്പോഴും വിഷാദരോഗം അനുഭവിക്കുകയോ അല്ലെങ്കിൽ കാര്യങ്ങൾ ചെയ്യുന്നതിൽ താൽപ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .
"കുട്ടികൾ ഒരു വൈകാരിക ദുരന്തത്തിൽ മാത്രമല്ല ജീവിക്കുന്നത്, പലരും അവഗണനയ്ക്കും ദുരുപയോഗത്തിനും ഇരയാകാൻ സാധ്യത കൂടുതലാണ്," അവർ പറഞ്ഞു. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി വിശാൽ ചൗഹാൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർ ഡോ. പ്രതിമ മൂർത്തി, മറ്റ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, യൂണിസെഫ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam