
ദില്ലി: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികൾ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രിയങ്ക ഗാന്ധി. രാജ്യത്തു സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്നും മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ബലാത്സംഗത്തിനു ഇരയായാൽ യുപിയില്‍ ജീവിക്കുക ദുഷ്കരമാണ്. നിയമം നടപ്പാക്കാൻ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. അവര്‍ കുറ്റവാളികൾക്ക് ഒപ്പമാണ്. ഉന്നാവില്‍ ഇരയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
പ്രതികൾ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ബലാത്സംഗത്തിന് ഇരയായ ഉന്നാവിലെ 23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ദില്ലി സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമെന്നായിരുന്നു മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ആശുപത്രി സുപ്രണ്ട് സുനിൽ ഗുപ്‌ത അറിയിച്ചത്.
അതിനിടെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ രംഗത്തെത്തി. പ്രധാന പ്രതികളായ ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരുടെ കുടുംബമാണ് ഈ ആവശ്യം ഉന്നയിച്ചത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും ഇവർ പ്രതികളാണ്. ഇരുവരെയും കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam